‘വി സ്റ്റാന്റ് വിത്ത് വിജയ്’ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി ഹാഷ് ടാഗ്
ഇളയദളപതി വിജയ്യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി വി സ്റ്റാന്‍ഡ് വിത്ത് വിജയ് ഹാഷ് ടാഗ്. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ട്വീറ്റുകളാണ് ‘We stand with Vijay’ എന്ന ഹാഷ്ടാഗില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ അഞ്ചാമതെത്തിയിരിക്കുകയാണ് ഈ ഹാഷ് ടാഗ്. നടന് പിന്‍തുണയുമായി ആയിരക്കണക്കിനാളുകളാണ് ഓരോ മണിക്കൂറുകളിലും ട്വീറ്റ് ചെയ്യുന്നത്. ബിജെപിയെ വെല്ലുവിളിച്ച് സിനിമാ സീനുകളും ട്രോളുകളും ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്.
ബുധനാഴ്ച മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ചെന്നൈയിലെ വീട്ടിലെത്തിച്ച് ആദായ നികുതി വിഭാഗം നടത്തിവരുന്ന ചോദ്യം ചെയ്യല്‍ ഇതിനകം 18 മണിക്കൂര്‍ പിന്നിട്ടു. ബിഗില്‍ എന്ന ചിത്രം നിര്‍മ്മിച്ച എജിഎസ് ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡും ചോദ്യം ചെയ്യലും. എജിഎസ് ഫിലിംസില്‍ കഴിഞ്ഞദിവസം പരിശോധന നടന്നിരുന്നു വിജയ് യുടെ ചെന്നൈയിലെ വീടുകളിലും സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വസതികളിലും തിരച്ചില്‍ നടന്നു.