പ്രളയഭീതി,യമുനാനദി 44 വർഷത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന ജലനിരപ്പിൽ,തീരങ്ങളിൽ നിരോധനാജ്ഞ
ന്യൂഡല്‍ഹി: യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രളയഭീഷണി നേരിടുന്ന ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. യമുന നദിയില്‍ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയര്‍ന്നതിനു പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചത്. 44 വര്‍ത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്.
അര്‍ധരാത്രിയോടെ ജലനിരപ്പ് ഉയര്‍ന്ന് 207.72 മീറ്ററെങ്കിലും കടന്നേക്കുമെന്നും ഡല്‍ഹി ജലസേചന-പ്രളയനിവാരണ വകുപ്പറിയിച്ചു. പ്രളയസാധ്യത നിലനില്‍ക്കുന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞതായും യമുനാ തീരത്തു നിന്ന് പരമാവധി ആളുകളെ ഇതിനകം മാറ്റിപാര്‍പ്പിച്ചതായും ഡല്‍ഹി പൊതുമരാമത്ത് മന്ത്രി അതിഷി മര്‍ലേന അറിയിച്ചു.
പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തുറന്നു. വെള്ളക്കെട്ടുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ദ്രുതഗതിയില്‍ പരിഹരിക്കുമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി.
കനത്ത മഴ തുടരുന്നതിനിടെ ഹരിയാണയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നു വിട്ടതോടെയാണ് യമുനയില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നത്. 1978-ലാണ് ഇതിനു മുമ്പ് ഏറ്റവും കൂടിയ ജലനിരപ്പ് രേഖപ്പെടുത്തിയത്. 207.49 മീറ്ററായിരുന്നു അത്.