വിദ്യാർഥിനികൾ സ്റ്റേഷനിൽ നേരിട്ടെത്തി പരാതിനൽകി;പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

വയനാട്: സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. വയനാട് മേപ്പാടി പുത്തൂര്‍വയല്‍ സ്വദേശി ജി.എം.ജോണി(50)യെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞദിവസം വൈകിട്ടാണ് അഞ്ചുവിദ്യാര്‍ഥിനികള്‍ മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി അധ്യാപകനെതിരേ പരാതി നല്‍കിയത്. സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കായികാധ്യാപകനായ ജോണി മോശമായരീതിയില്‍ പെരുമാറിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു വിദ്യാര്‍ഥിനികളുടെ പരാതി. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നേരത്തെ കോഴിക്കോട് കസബ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലും ജോണി പ്രതിയാണ്. ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികളുണ്ടോ എന്നറിയാന്‍ മറ്റുകുട്ടികളുടെ മൊഴിയെടുക്കുമെന്നും കുട്ടികള്‍ക്ക് പരാതി തുറന്നുപറയാനായി സ്‌കൂളില്‍ കൗണ്‍സിലിങ് സംഘടിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News