വോട്ട് ചെയ്യാനെത്തിയ ഫഹദി് ഫാസിലിന് അടുത്തേയ്ക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇത് ശരിയല്ല, മാറി നില്‍ക്കെന്ന് താരം

ആലപ്പുഴ:വോട്ട് ചെയ്യാനെത്തിയപ്പോള്‍ മൈക്കുമായി അടുത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ഫഹദ് ഫാസില്‍. തെരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം ചോദിച്ചുകൊണ്ട് അടുത്തേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരോട് ആണ് ഇതെന്താണിത് ഇത് ശരിയല്ല മാറിനില്‍ക്കൂ എന്ന് ഫഹദ് പറഞ്ഞത്.

എല്ലാ പൗരന്റെയും അവകാശമാണല്ലോ അതുകൊണ്ടാണ് വന്നതെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫഹദ് മറുപടി പറയുന്നുണ്ട്. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണല്ലോയെന്നാണ് സംവിധായകന്‍ ഫാസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓരോരുത്തരും മാറ്റി മാറ്റി പറയുകയാണല്ലോ, ഇതേതാണെന്ന് അറിയണമെങ്കില്‍ ഒരു മാസം കാത്തിരിക്കണം അതാണ് ടോര്‍ചര്‍ എന്നും ഫാസില്‍ പറഞ്ഞു.

അതേസമയം, നടന്‍ മമ്മൂട്ടി വോട് ചെയ്യാന്‍ എത്തിയതിനെ തുടര്‍ന്ന് രാവിലെ പോളിങ് ബൂതില്‍ വാക്കേറ്റം നടന്നിരുന്നു. മമ്മൂട്ടി വോട് ചെയ്യാന്‍ വന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിക്ക് വോട്. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട് രേഖപ്പെടുത്തിയത്.

താരം പോളിങ് ബൂതിലെത്തിയ സമയത്താണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. മമ്മൂട്ടി വോട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എസ് സജിയുടെ ഭാര്യയുടെ നേതൃത്വത്തിലാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്.