യൂറോപ്പ് ചുട്ടുപൊള്ളുന്നു: 16 നഗരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഇറ്റലി
റോം: റെക്കോർഡ് താപനില രേഖപ്പെടുത്തിയ ഇറ്റലിയിൽ 16 നഗരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റോം ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇറ്റാലിയൻ സർക്കാർ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. യൂറോപ്പിലുടനീളം ഉയർന്ന ചൂട് തുടരുമെന്നും ഇറ്റലി സ്പെയിൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ അതിരൂക്ഷമായ സാഹചര്യങ്ങൾ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
11 മണി മുതൽ വൈകീട്ട് ആറ് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോമിലെ മൃഗശാലയിലെ മൃഗങ്ങൾക്ക് തണുപ്പ് നിലനിർത്താൻ ശീതികരിച്ച ഭക്ഷണമാണ് നൽകുന്നത്. അതിനിടെ സ്പാനിഷ് ദ്വീപായ ലാ പാൽമയിൽ ഉഷ്ണതരംഗം മൂലം കാട്ടുതീ പടർന്നു. 4,000ത്തോളം ആളുകളെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച പുലർച്ചെ എൽ പിനാർ ഡി പുൻ്റഗോർഡയിൽ ഉണ്ടായ തീപിടുത്തത്തിൽ 11 വീടുകൾ കത്തിനശിച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി ഗ്രീസിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. തെക്കൻ സ്പെയിനിന്റെ ചില ഭാഗങ്ങളിലും തെക്ക്- കിഴക്കൻ ഇറ്റലിയിലും ഗ്രീസിലും വരും ദിവസങ്ങളിൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നീരീക്ഷകർ പ്രവചിക്കുന്നത്.
യൂറോപ്യൻ യൂണിയൻ്റെ കാലാവസ്ഥാ നീരീക്ഷണ സംവിധാനമായ കോപ്പർനിക്കസിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ ജൂൺ ഏറ്റവും ചൂടേറിയ ജൂൺ മാസമായി രേഖപ്പെടുത്തിയിരുന്നു. യൂറോപ്പിൽ ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന താപനില 2021 ഓഗസ്റ്റിൽ സിസിലിയിൽ രേഖപ്പെടുത്തിയ 48.8 ഡിഗ്രി സെൽഷ്യസായിരുന്നു.