KeralaNews

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുമോ? നിലപാട് വ്യക്തമാക്കി എക്‌സൈസ് മന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് എക്‌സൈസ് മന്ത്രി എം. വി ഗോവിന്ദന്‍. എല്ലാം തുറക്കേണ്ട സമയം ആകുമ്പോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കും. ആപ് വഴിയുള്ള മദ്യവില്‍പന ആലോചനയിലില്ലെന്നും മന്ത്രി അറിയിച്ചു.

വിമുക്തി വ്യാപിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ സംവരണ അനുപാതത്തില്‍ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നും, ഈ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.

കൊവിഡ് മൂന്നാം തരംഗത്തിനെതിരെ കേരളം എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഇടപെടുന്നുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. മാലിന്യ സംസ്‌കരണം എങ്ങനെ ശാസ്ത്രീയമായി നടത്താമെന്ന് പരിശോധിച്ചു വരികയാണ്.

2500 കോടി രൂപ ലോക ബാങ്ക് വായ്പ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങളെ കൂടെ നിര്‍ത്തിയാകും കേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പിലാക്കുക. കുടുംബശ്രീയെ ശക്തിപ്പെടുത്തും. 40 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കേണ്ടതുണ്ട്. ദേശീയപാത വികസനം ദ്രുതഗതിയില്‍ നടത്തും. അഴീക്കല്‍ തുറമുഖ വികസനം ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും യോഗത്തില്‍ ധാരണയായി. എന്നാല്‍ മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.

കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയാകാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ഔദ്യോഗിക അറിയിപ്പും ഇളവുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker