മകന്റെ പ്രശസ്തി കാരണം പിതാവിന് വന്‍ ഡിമാന്‍ഡ്; ബീജം ദാനം ചെയ്യാന്‍ തയ്യാറായി എലോണ്‍ മസ്‌ക്കിന്റെ പിതാവ്, സ്വകാര്യ കമ്പനി സമീപിച്ചതായി വെളിപ്പെടുത്തല്‍
ന്യൂയോർക്ക്: ടെസ്‌ല ഉടമ എലോൺ മസ്ക്കിന്റെ പിതാവ് എരോൾ മസ്ക്ക് തന്റെ ബീജം ദാനം ചെയ്യാൻ ഒരുങ്ങുന്നു,. ടാബ്ലോയിഡ് പത്രമായ ദ് സണ്ണിന് നൽകിയ അഭിമുഖത്തിലാണ് എരോൾ മസ്ക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. എലോൺ മസ്ക്ക് തന്റെ ബുദ്ധിവൈഭവം കാരണം പ്രശസ്തിയിലെത്തിയതോടെ തന്റെ ബീജത്തിന് വൻ ഡിമാൻഡാണെന്ന് എരോൾ മസ്ക്ക് അഭിമുഖത്തിൽ പറഞ്ഞു.
ഒരു ദക്ഷിണ അമേരിക്കൻ കമ്പനി തന്റെ ബീജം ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടെന്നും എരോൾ മസ്ക്ക് പറഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ എലോൺ മസ്ക്കിന് ജന്മം നൽകിയ അതേ വ്യക്തിയുടെ ബീജം ഉപയോഗിച്ച് നിരവധി എലോൺ മസ്ക്കുമാരെ സൃഷ്ടിക്കുവാനാണ് സ്വകാര്യ കമ്പനിയുടെ പദ്ധതിയെന്നും എരോൾ മസ്ക്ക് പറഞ്ഞു.
സ്വന്തം വളർത്തുപുത്രിയിൽ തനിക്ക് രണ്ട് കുട്ടികളുണ്ടെന്ന് 75കാരനായ എരോൾ മസ്ക്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ ബീജത്തിന് ഡിമാൻഡ് വർദ്ധിച്ചതെന്ന് എരോൾ അവകാശപ്പെട്ടു.
ഒരു കൊളംബിയൻ കമ്പനിയാണ് തന്റെ ബീജം ആവശ്യപ്പെട്ട് സമീപിച്ചതെന്നും ഹൈ ക്ളാസ് കൊളംബിയൻ സ്ത്രീകൾക്ക് ഗർഭം ധരിക്കുന്നതിന് വേണ്ടിയാണ് തന്റെ ബീജം ആവശ്യപ്പെടുന്നതെന്നും എരോൾ മസ്ക്ക് കൂട്ടിച്ചേർത്തു. എന്നാൽ തന്നെ സമീപിച്ച കമ്പനിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
തന്റെ ബീജം നൽകുന്നതിന് വേണ്ടി പണം ഒന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടില്ലെങ്കിലും മുന്തിയ താമസസൗകര്യവും ഫസ്റ്റ് ക്ളാസ് യാത്രയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എരോൾ മസ്ക്ക് പറഞ്ഞു. നിലവിൽ മൂന്ന് ഭാര്യമാരിലായി ഏഴ് കുട്ടികൾ എരോൾ മസ്‌ക്കിനുണ്ട്. അത് കൂടാതെയാണ് വളർത്തു പുത്രിയിൽ രണ്ട് കുട്ടികൾ കൂടി തനിക്കുണ്ടെന്ന് എരോൾ മസ്‌ക്ക് വെളിപ്പെടുത്തിയത്.