KeralaNews

ചിന്നക്കനാലിൽ എത്തിയ പിടിയാനയും കുട്ടികളും അരിക്കൊമ്പൻ്റെ ഭാര്യയും മക്കളുമാണോ? ഡോ. അരുണ്‍ സക്കറിയയുടെ മറുപടി

പത്തനംതിട്ട: ചിന്നക്കനാലിൽ എത്തുന്ന പിടിയാനയും കുട്ടികളും അരിക്കൊമ്പന്റെ ഭാര്യയും മക്കളുമല്ലെന്ന് ഡോ. അരുൺ സക്കറിയ. അരിക്കൊമ്പനെ പെരിയാര്‍ കടുവാസങ്കേതത്തിലേക്കു മാറ്റിയതോടെ ഒരു പിടിയാനയും രണ്ട്‌ കുട്ടിയാനകളും ചിന്നക്കനാല്‍, ശാന്തൻപാറ മേഖലയില്‍ അടിക്കടി എത്തുന്നുണ്ടെന്നും ഇവ അരിക്കൊമ്പന്റെ ഭാര്യയും കുട്ടികളുമാണെന്ന വാദം ശരിയല്ലെന്നും വനം വകുപ്പ് വെറ്ററിനറി സർജനും അരിക്കൊമ്പന്‍ ദൗത്യസംഘത്തിലെ അംഗവുമായിരുന്ന അരുണ്‍ സക്കറിയ പറഞ്ഞു.

ഇടുക്കി, ചിന്നക്കനാല്‍ മേഖലയില്‍ അരിക്കൊമ്പനു ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ടെന്ന പ്രചാരണം അസംബന്ധമാണ്. ആനകള്‍ക്കു കുടുംബജീവിതം ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും പച്ചക്കാനം ഫോറസ്‌റ്റ്‌ സ്‌റ്റേഷനില്‍ നടന്ന മാധ്യമസംവാദത്തില്‍ ഡോക്ടർ വിശദീകരിച്ചു. ആനകള്‍ ദൃഢമായ സാമൂഹിക ജീവിതം നയിക്കുന്നവയാണെങ്കിലും മനുഷ്യരെപ്പോലെ കുടുംബജീവിതമില്ലെന്ന്‌ ഡോ. അരുണ്‍ പറഞ്ഞു.

കൊമ്പനാനകള്‍ ഇണചേര്‍ന്നശേഷം കൂട്ടംവിട്ട്‌ പോകുകയാണ് പതിവ്‌. പ്രസവിച്ചശേഷം കുഞ്ഞിന്റെ പരിപാലനം പിടിയാന തന്നെ നിര്‍വഹിക്കും. കുട്ടിയാനയുമായി ആനക്കൂട്ടം പോകുമ്പോള്‍ മുതിര്‍ന്ന പിടിയാനയാകും നേതാവ്‌. 6 – 7 വയസ് പ്രായമാകുമ്പോൾ കൊമ്പന്മാർ കൂട്ടത്തില്‍നിന്നു പിരിയാന്‍ തുടങ്ങും. ബന്ധുക്കളുമായുള്ള ഇണചേരല്‍ ഒഴിവാക്കാന്‍ കൂടിയാണിത്‌. കൂട്ടംപിരിയുന്ന കൊമ്പന്‍മാര്‍ തിന്നു മദിച്ച്‌ ഇണകളെത്തേടി സഞ്ചരിക്കും.

ആനകള്‍ ഇണചേരുന്നത്‌ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്‌. ഈ ഇടവേള 10 വര്‍ഷം വരെ നീണ്ടേക്കാം. ആനക്കൂട്ടങ്ങളില്‍ സ്വവര്‍ഗാനുരാഗ സമാനമായ ചേഷ്‌ടകളും കാണാറുണ്ട്‌. പിടിയാനകള്‍ക്കു ചെറുപ്പക്കാരുമായല്ല, 40 – 50 വയസുള്ള കൊമ്പന്‍മാരുമായാണ്‌ ഇണചേരാന്‍ താത്‌പര്യം.

ഫിഷന്‍, ഫ്യൂഷന്‍ സംവിധാനത്തിലാണ്‌ ആനകളുടെ സംഘരീതി. കുറച്ചുപേര്‍ ഇടയ്‌ക്ക്‌ പിരിഞ്ഞുപോകും. മുതിര്‍ന്ന പിടിയാനകള്‍ ചിലപ്പോള്‍ ചെറുസംഘങ്ങളായി പിരിഞ്ഞുപോകും. കൃത്യമായ മേഖലകളില്‍ ജീവിക്കുന്ന ശീലമില്ലെങ്കിലും സ്‌ഥിരം മേച്ചില്‍ സ്ഥലങ്ങളുണ്ടാകാം. ഭക്ഷണത്തിനായി ദീര്‍ഘ സഞ്ചാരങ്ങള്‍ നടത്താനും ആനകള്‍ക്കു മടിയില്ലെന്നും അരുണ്‍ സക്കറിയ പറഞ്ഞു.

പത്തനംതിട്ട ജില്ലയുടെ ജലഗോപുരം എന്ന് വിശേഷിപ്പിക്കാവുന്ന ഗവി കൊച്ചു പമ്പ സംരക്ഷിത വനപ്രദേശത്തെ പാരിസ്ഥിതിക സഞ്ചാര മേഖലയായി പ്രഖ്യാപിക്കണമെന്ന് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി വനം വകുപ്പ് പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇക്കോ ലോഗ് സംഗമത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

വനം അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ പട്ടീല്‍ സുയോഗ് സുഭാഷ് റാവു, കോട്ടയം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പിപി പ്രമോദ്, വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് രമേശ് ബാബു, അരിപ്പ വന പരിശീലന കേന്ദ്രം മേധാവി ഡോണി ജി വര്‍ഗീസ്, വനം വകുപ്പ് മുന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജയിംസ് സഖറിയ, പ്രമുഖ പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സുരേഷ് ഇളമണ്‍, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ ബോബി ഏബ്രഹാം എന്നിവര്‍ ക്ലാസ് നയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker