KeralaNews

സമയത്തോട് പോരാടി സൈന്യം; പുലർച്ചെയോടെ ബെയ്‌ലി പാലം പൂർത്തിയാക്കാൻ രാത്രിയിലും കഠിനശ്രമം

മേപ്പാടി: ഉരുള്‍പൊട്ടല്‍ ഒറ്റപ്പെടുത്തിയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍നിന്ന് നിര്‍മ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. സൈന്യമാണ് പുഴയ്ക്ക് കുറുകെയുള്ള പാലം നിര്‍മ്മിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുതിയവേഗം കൈവരിക്കും. ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ മുണ്ടക്കൈയിലെത്തിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ കൂടുതല്‍പേരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തേ ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നതോടെ പുഴയ്ക്ക് കുറുകെ വടംകെട്ടിയും താത്കാലിക പാലം സ്ഥാപിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, സാവധാനം മാത്രമേ ഈ രക്ഷാപ്രവര്‍ത്തനം സാധിച്ചിരുന്നുള്ളൂ. മുണ്ടക്കൈയിലേക്ക് യന്ത്രസാമഗ്രികൾ അടക്കമുള്ള സംവിധാനങ്ങൾ എത്തിക്കുന്നതും അസാധ്യമായിരുന്നു.

190 അടിയാണ് ചൂരല്‍മലയില്‍ നിര്‍മ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നീളം. 24 ടണ്‍ ഭാരം വഹിക്കാന്‍ പാലത്തിന് കഴിയും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് പാലം നിര്‍മ്മിക്കുന്നത്. ഡല്‍ഹിയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് വിമാനംവഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തില്‍ എത്തിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പാലത്തിന്റെ നിര്‍മാണം നടക്കുന്നത്.

ബുധനാഴ്ച വൈകീട്ട് കണ്ണൂരില്‍ എത്തിയ രണ്ടാമത്തെ വിമാനത്തില്‍ നിന്നുള്ള സാമഗ്രികള്‍ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരല്‍ മലയില്‍ എത്തും. ബെംഗളൂരുവില്‍നിന്ന് റോഡ് മാര്‍ഗവും സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജി.ഒ.സി) മേജര്‍ ജനറല്‍ വി.ടി. മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേര്‍ കൂടി രക്ഷാദൗത്യത്തിനായി ഉടന്‍ ദുരന്തമുഖത്ത് എത്തും.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്‌നിഫര്‍ നായകളെ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയില്‍ എത്തിക്കും. മീററ്റില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker