പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ വെട്ടി കൊന്നതിനു പിന്നാലെ കൊരട്ടിയില്‍ പോസ്റ്റര്‍ ഒട്ടിച്ച് ഡി.വൈ.എഫ്.ഐ കൊരട്ടി യൂണിറ്റ്. ആര്‍.എസ്.എസിനും എസ്.ഡി.പി.ഐയ്ക്കുമെതിരെയാണ് ഡി.വൈ.എഫ്.ഐയുടെ പോസ്റ്റര്‍. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ തീവ്രവാദികളുടെ ലക്ഷ്യം കലാപമാണെന്നും കരുതിയിരിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. കലാപത്തിനായി ഇരുസംഘടനകളും മുന്നില്‍ കണ്ടിരിക്കുന്ന മാര്‍ഗം വിഭജനമാണെന്നും ഡി.വൈ.എഫ്.ഐയുടെ നോട്ടീസില്‍ ആരോപിക്കുന്നു.
അതേസമയം, പാലക്കാടുള്ള ഇരട്ട കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തിയതിന്റെ പിന്നാലെയായിരുന്നു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെയും കൊലപാതകം. സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ തന്നെ പ്രതികാരക്കൊല ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടും, അത് തടയാന്‍ പൊലീസിന് കഴിയാത്തതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
സുബൈറിന്റെ കൊലപാതകത്തിന് ശേഷം ആര്‍.എസ്.എസ് എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ റെയ്ഡും കരുതല്‍ അറസ്റ്റുകളും നടന്നിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു. എന്നാല്‍, അത്തരത്തിലൊരു നീക്കവും നടത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ആലപ്പുഴയിലേതിന് സമാനമായ സംഭവങ്ങളാണ് പാലക്കാടും നടന്നത്. പൊലീസ് ഇത് മുന്‍കൂട്ടി കാണണമായിരുന്നുവെന്നും, ശ്രീനിവാസന്റെ കൊലപാതകം ഒഴിവാക്കണമായിരുന്നുവെന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ വിവിധ നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.