CrimeKeralaNews

കടിച്ചുകീറാൻ കുതിക്കുന്ന നായ്ക്കൾ,ലഹരിക്കച്ചവടം റോബിൻ ഒളിവിൽ തന്നെ; രാത്രി വന്ന രണ്ടുപേർ കസ്റ്റഡിയിൽ

കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പ്രതിയായ റോബിന്‍ ജോര്‍ജിനായി പോലീസിന്റെ അന്വേഷണം തുടരുന്നു. ഞായറാഴ്ച രാത്രി പോലീസിനെ കണ്ടതോടെ കുമാരനല്ലൂരിലെ നായ പരിശീലനകേന്ദ്രത്തില്‍നിന്ന് ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി വിപുലമായ അന്വേഷണമാണ് നടക്കുന്നത്. ഇയാളുടെ ബന്ധുവീടുകളടക്കം പോലീസിന്റെ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച തന്നെ ഇയാള്‍ പിടിയിലായേക്കുമെന്നാണ് സൂചന. രണ്ടുകിലോമീറ്ററിനുള്ളില്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, തിങ്കളാഴ്ച രാത്രി കുമാരനല്ലൂരിലെ നായ പരിശീലനകേന്ദ്രത്തിലെത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശികളായ റൊണാള്‍ഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. റോബിന്‍ ഉപേക്ഷിച്ചുപോയതോടെ പരിശീലനകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മീനുകളെയും മറ്റും മോഷ്ടിക്കാന്‍ വന്നതാണെന്നായിരുന്നു ഇവരുടെ മൊഴി.

എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരും കോട്ടയത്തെ ഒരു ഗുണ്ടാനേതാവിന്റെ അനുയായികളാണെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ ഇവര്‍ക്ക് റോബിനുമായി നേരത്തെ ബന്ധമുണ്ടോ എന്നതും വീട്ടില്‍നിന്ന് എന്തെങ്കിലും കടത്താനായാണോ ഇവര്‍ എത്തിയതെന്നും സംശയിക്കുന്നു. രണ്ടുപേരെയും പോലീസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

കുമാരനല്ലൂരിലെ ‘ഡെല്‍റ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം ഞായറാഴ്ച പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ വാടകയ്ക്ക് വീടെടുത്ത് റോബിന്‍ ജോര്‍ജ് എന്നയാളാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. മിക്കസമയത്തും നായ്ക്കളെ അഴിച്ചുവിടുന്നതിനാല്‍ ആരും ഇവിടേക്ക് അടുത്തിരുന്നില്ല. കാക്കി കണ്ടാല്‍ കടിക്കാന്‍ വരെ ഇയാള്‍ നായകളെ പരിശീലിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

അമേരിക്കന്‍ ബുള്ളി, പിറ്റ്ബുള്‍ തുടങ്ങിയ മുന്തിയ ഇനത്തിലുള്ള നായകളാണ് റോബിന്റെ വീട്ടിലുണ്ടായിരുന്നത്. ഇവയെ പരിശീലിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ഇയാളുടെ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. നായകള്‍ക്കൊപ്പം കളിക്കുന്നതും അവയെ പരിശീലിപ്പിക്കുന്നതും വീഡിയോകളില്‍ കാണാം. പരിശീലന കേന്ദ്രത്തിന് മുന്നിലെത്തുന്നവര്‍ക്ക് നേരേ നായ്ക്കള്‍ കുരച്ചുചാടുന്നതും ചില ദൃശ്യങ്ങളിലുണ്ട്.

വളര്‍ത്തുനായകളെ പരിശീലിപ്പിക്കുന്നതിന് പുറമേ ഹോസ്റ്റല്‍ സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. നായ്ക്കള്‍ക്ക് പുറമേ ആമകളെയും വിവിധതരം മത്സ്യങ്ങളെയും ഇയാള്‍ വളര്‍ത്തിയിരുന്നു.

രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈക്കുകളിലും കാറുകളിലുമായി ഇവിടെ എത്തിയിരുന്നതായാണ് സമീപവാസികള്‍ പറയുന്നത്. ചില രാത്രികളില്‍ വലിയ പ്രകാശമുള്ള ലൈറ്റുകള്‍ തെളിച്ച് നൃത്തവും സംഗീതവും എല്ലാം ഉണ്ടാകും. എന്നാല്‍ വരുന്നതും പോകുന്നതും ആരെല്ലാമാണെന്നോ എന്തിനാണെന്നോ ആരും അറിഞ്ഞിരുന്നില്ല.

ഹോസ്റ്റല്‍ സൗകര്യമുള്ളതിനാല്‍ ഇവരെല്ലാം നായകളെ കൊണ്ടുവിടാനായി എത്തുന്നവരാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍, ശല്യം വര്‍ധിച്ചതോടെ പലരും റോബിനോട് സംസാരിച്ചെങ്കിലും അയാള്‍ ഇതൊന്നും കേട്ടതായി നടിച്ചില്ല. ഇതോടെയാണ് സമീപവാസികള്‍ പരാതിയുമായി മുന്നോട്ടുപോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker