HealthKeralaNews

കളക്ടര്‍ പറഞ്ഞു, ഡോക്ടര്‍ പറഞ്ഞു എന്നൊക്കെ പറഞ്ഞാണ് വാട്സാപ്പില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്നത്; വ്യാജവാര്‍ത്തക്കെതിരെ ഡോ. ജിനേഷ് പി.എസ്

കൊവിഡിനെതിരെ പല തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് ഓരോ ദിവസം ചെല്ലുംതോറും സോഷ്യല്‍ മീഡിയകള്‍ കഴി പ്രചരിക്കുന്നത്. ഇതിനെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ജിനേഷ് പി.എസ്. കൊവിഡ് രോഗം വന്നതില്‍ 80 ശതമാനം പേര്‍ക്കും ശ്വാസകോശം ഫൈബ്രോസിസ് ആകുമെന്ന ഹോക്സാണ് രണ്ടുദിവസമായി വാട്സാപ്പില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നത്. തികച്ചും തെറ്റായ സന്ദേശമാണ്.-ജിനേഷ് പി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കൊവിഡ് രോഗം വന്നതില്‍ 80 ശതമാനം പേര്‍ക്കും ശ്വാസകോശം ഫൈബ്രോസിസ് ആകുമെന്ന ഹോക്സാണ് രണ്ടുദിവസമായി വാട്സാപ്പില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നത്. തികച്ചും തെറ്റായ സന്ദേശമാണ്. കോവിഡ് രോഗം സ്ഥിരീകരിക്കപ്പെടുന്നവരില്‍ ഏതാണ്ട് 10 ശതമാനം പേര്‍ക്ക് മാത്രമാണ് സങ്കീര്‍ണതകള്‍ ഉണ്ടാവുന്നത്, ആശുപത്രിയില്‍ അഡ്മിഷന്‍ വേണ്ടി വരുന്നത്. അതില്‍ തന്നെ ചെറിയൊരു ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമാണ് ഐസിയു അഡ്മിഷന്‍ വേണ്ടി വരുന്നത്. അവരില്‍ എല്ലാവര്‍ക്കും ശ്വാസകോശ ഫൈബ്രോസിസ് ഉണ്ടാവുന്നില്ല. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നവരില്‍ ഏതാണ്ട് 10,20 % പേര്‍ക്ക് ശ്വാസകോശ ഫൈബ്രോസിസ് അടക്കമുള്ള സങ്കീര്‍ണതകള്‍ക്ക് സാധ്യതയുണ്ട് എന്ന് വായിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ ഓര്‍മ്മയില്ല.

വൈറസ് ബാധിക്കുന്നവരില്‍ നല്ലൊരുശതമാനം രോഗലക്ഷണങ്ങള്‍ ഇല്ലാത്ത എസിംപ്ന്റമാറ്റിക് ആയുള്ളവരാണ്. ഇങ്ങനെ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആള്‍ക്കാരെ പൂര്‍ണമായി കണ്ടെത്താന്‍ പോലും സാധിക്കുന്നില്ല. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എത്രയോ ഇരട്ടി ആള്‍ക്കാര്‍ ഇങ്ങനെ ഉണ്ടാവും ! അതായത് വൈറസ് ശരീരത്തില്‍ പ്രവേശിച്ചവരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമേ ശ്വാസകോശത്തില്‍ ഫൈബ്രോസിസ് ഉണ്ടാകുന്നുള്ളൂ. കോവിഡ് വളരെ ഗൗരവമുള്ള ഒരു അസുഖമാണ്. ലോകമാകെ മൂന്നരക്കോടിയോളം പേരില്‍ സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ പത്തുലക്ഷത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അസുഖമാണ്.

വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജാഗ്രതയോടെ, കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മാസ്‌ക്കും ശാരീരിക അകലവും കൈ കഴുകലും ആള്‍ക്കൂട്ടം ഒഴിവാക്കലും ഒക്കെ വളരെയധികം പ്രാധാന്യത്തോടെ ചെയ്യേണ്ടതാണ്. പക്ഷേ അതിനായി 80 ശതമാനം പേര്‍ക്ക് ശ്വാസകോശ ഫൈബ്രോസിസ് വരും എന്നൊക്കെ പറയുന്നത് ശരിയല്ല. അതും കളക്ടര്‍ പറഞ്ഞു, ഡോക്ടര്‍ പറഞ്ഞു എന്നൊക്കെ പറഞ്ഞാണ് വാട്സാപ്പില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker