രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിമാനത്തില്‍ നിന്നു വീണുമരിച്ച അഫ്ഗാനികളെ പരിഹസിക്കുന്ന ടീ ഷര്‍ട്ടുകള്‍ വില്‍പ്പനക്ക്; രൂക്ഷ വിമര്‍ശനം
വാഷിങ്ടണ്‍: താലിബാന്‍ കീഴടക്കിയ അഫ്ഗാനില്‍ നിന്നും നിരവധി പേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളായി പുറത്തുവന്നിരുന്നു. ഇതിനിടെ വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴേക്കുവീണു മരിച്ച യുവാക്കളെ പരിഹസിച്ചുകൊണ്ടുള്ള ടീ ഷര്‍ട്ടുകളുടെ വില്‍പ്പന ഓണ്‍ലൈനില്‍ സജീവമായിരിക്കുകയാണ്.
അമേരിക്കന്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളാണ് വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. ‘കാബൂള്‍ സ്‌കൈഡൈവിങ് ക്ലബ് ഷര്‍ട്ട്’ എന്ന പേരിലാണ് വില്‍പന നടക്കുന്നത്. ഓഫ് ബ്രാന്‍ഡ് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സൈറ്റുകളായ ടി-ഷര്‍ട്ട്അറ്റ്‌ലോവാല്യൂ, ടിഫോര്‍സ്‌പോര്‍ട് എന്നിവ വഴിയാണ് പ്രധാനമായും വില്‍പന. അമേരിക്കന്‍ സ്ഥാപനമായ ‘എറ്റ്‌സി ടി ഫോര്‍ സ്‌പോര്‍ട്‌സ്’ ലും ടി-ഷര്‍ട്ട് വില്‍പനക്കായി വെച്ചിട്ടുണ്ട്.
താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. നിരവധി അഫ്ഗാന്‍കാര്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്.
ഈ ഒരു സാഹചര്യത്തിലാണ് അഫ്ഗാന്‍ ജനതയുടെ ദുരിതങ്ങളെ നിസ്സാരവല്‍ക്കരിച്ച് ചിത്രീകരിച്ച ടി-ഷര്‍ട്ടുകളുടെ വില്‍പന ഓണ്‍ലൈനില്‍ നടക്കുന്നത്. അമേരിക്കയുടെ വിമാനങ്ങളില്‍ പിടിച്ച് കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്നവരെ ചിത്രീകരിച്ചുകൊണ്ടാണ് ടി-ഷര്‍ട്ടുകള്‍ പുറത്തിറക്കിയത്. ‘കാബൂള്‍ സ്‌കൈഡൈവിങ് ക്ലബ്’ എന്നും ടീ ഷര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘പാരച്യൂട്ടിങ്ങും സ്‌കൈഡൈവിങ്ങും ഇഷ്ടപ്പെടുന്നവര്‍ക്കും വിമാനത്തില്‍ നിന്നും താഴേക്ക് ചാടാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ ടി-ഷര്‍ട്ട് വളരെ അനുയോജ്യമായിരിക്കും.’ എന്നാണ് പരസ്യത്തിന്റെ താഴെയായി നല്‍കിയിരിക്കുന്ന കുറിപ്പ്. വില്‍പനക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്.
‘അഫ്ഗാനിലെ ജനങ്ങള്‍ വിമാനങ്ങളില്‍ അള്ളിപ്പിടിച്ചും മറ്റും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ ഇവരുടെ ദുരിതങ്ങളെ ഒരു വൃത്തികെട്ട ടി-ഷര്‍ട്ട് വഴി വിറ്റ് കാശാക്കാനാണ് ശ്രമിക്കുന്നത്.’ അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ സീനിയര്‍ ഫെലോ ആയ ഹോലി ഡാഗ്രെസ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു. വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റ് ടി-ഷര്‍ട്ട് സംബന്ധിയായ ഒരു പരസ്യം എടുത്തുമാറ്റുകയും ചെയ്തിട്ടുണ്ട്.