KeralaNews

‘സി പി എം പോലുള്ള പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാതിരിക്കാൻ ആവില്ല, നിലപാട് വ്യക്തമാക്കി സംവിധായകൻ രഞ്ജിത്ത്

കോഴിക്കോട്:ആദ്യ സിനിമ ചെയ്തപ്പോള്‍ എന്താകുമെന്ന അങ്കലാപ്പ് ഉണ്ടായിരുന്നെന്ന് സംവിധായകന്‍ രഞ്ജിത്. കോഴിക്കോട് നോര്‍ത്തില്‍ എൽ ഡി എഫ് സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിനായിരുന്നു രഞ്ജിത്തിന്റെ മറുപടി. സി പി എം പോലുള്ള പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാതിരിക്കാൻ ആവില്ല. തന്റെ സാമൂഹ്യ പശ്ചാത്തലം അങ്ങനെയാണ്. ചുറ്റും ആളുണ്ടെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണ്. ഒരു സ്ഥാനാര്‍ഥിയാകാന്‍ ഞാന്‍ യോഗ്യനാണോ എന്നറിയില്ല.

എ പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നമുക്കറിയാം. പ്രദീപ് കുമാറിനെപ്പോലെ ഒരാളെ കോഴിക്കോട് കാണാന്‍ കിട്ടില്ല. അത്രയും പ്രാപ്തനായൊരു എം എൽ എയായിരുന്നു പ്രദീപ് കുമാറെന്ന് രഞ്ജിത് പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇടതുപക്ഷ വേദികളില്‍ സജീവമായിരുന്നു സംവിധായകന്‍ രഞ്ജിത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനില്‍ ഇടതു സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി പ്രശംസിച്ചിരുന്നു.

കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കാന്‍ സി പി എം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ രഞ്ജിത്ത് അന്ന് തയ്യാറായിരുന്നില്ല. സി പി എം ജില്ലാ സെക്രട്ടറി പി മോഹനനെയും മുന്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെയും നോര്‍ത്തില്‍ പരിഗണിച്ചിരുന്നു. എന്നാല്‍, എ പ്രദീപ് കുമാറിൽ തന്നെ കാര്യങ്ങളെത്തി.

ഇതിനിടെയാണിപ്പോള്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത്ത് സി പി എം നേതൃത്വത്തെ അറിയിച്ചത്. രഞ്ജിത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ എം വി ശ്രേയാംസ്‌ കുമാറാണ് എൽ ഡി എഫില്‍ ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടു വച്ചതെന്നാണ് വിവരം. സിനിമാ – നാടക – സാംസ്‌കാരിക പരിസരങ്ങളില്‍ സജീവ സാന്നിധ്യമായ രഞ്ജിത്തിന് കോഴിക്കോട്ട് വലിയ സൗഹൃദ വലയമുണ്ട്. അത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി.

പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെയും സെലിബ്രിറ്റികളെയും കൊണ്ടു വരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് കാര്യങ്ങളെത്തുന്നത്. മധ്യവര്‍ഗ ഹിന്ദു വോട്ടുകള്‍ ഗതി നിർണയിക്കുന്ന മണ്ഡലത്തില്‍ എ പ്രദീപ് കുമാറിന് വ്യക്തമായ സ്വാധീനമുണ്ട്. രഞ്ജിത്തിൽ എത്തുമ്പോള്‍ കാര്യം അത്ര എളുപ്പമല്ല. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയണമെങ്കില്‍ ശക്തമായ പ്രചാരണതന്ത്രങ്ങള്‍ പയറ്റേണ്ടി വരും.

1985ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദമെടുത്ത രഞ്ജിത്തിന്റെ ആദ്യ ചിത്രം ‘മെയ്മാസ പുലരിയില്‍’ പുറത്തിറങ്ങി. രഞ്ജിത്ത് ഈ സിനിമയുടെ കഥാകൃത്തായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങളാണ് ആദ്യം തിരക്കഥയെഴുതിയ ചിത്രം. രഞ്ജിത്ത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്തത് രാവണപ്രഭുവായിരുന്നു. ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായിരുന്നിത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റായിരുന്ന ദേവാസുരം മോഹന്‍ലാലിന്റെ മികച്ച ചിത്രത്തിലൊന്നാണ്. മംഗലശ്ശേരി നീലകണ്ഠനെ അനശ്വരമാക്കിയതില്‍ രഞ്ജിത്തിന്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.

തുടര്‍ന്ന് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ രചിച്ചു. ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് – മോഹന്‍ലാല്‍ സഖ്യത്തിനോടൊപ്പം ചേര്‍ന്ന് ആറാം തമ്പുരാന്‍, നരസിംഹം എന്നി ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതി. രണ്ടും വന്‍ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം ആ വര്‍ഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്നു രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത്ത് സംവിധാനം ചെയ്തു.

ജയരാജ് ഒരുക്കിയ ഗുല്‍മോഹര്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായിരുന്നു. രഞ്ജിത്ത് ഒരുക്കിയ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനും ഇന്ത്യന്‍ റുപ്പിയും ബോക്‌സോഫീസ് ഹിറ്റായിരുന്നു. അയപ്പനും കോശിയും എന്ന സച്ചി ചിത്രത്തില്‍ മികച്ച വേഷം ചെയ്ത രഞ്ജിത് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായിരുന്നു. സിബി മലയില്‍ ഒരുക്കുന്ന കൊത്ത് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് രഞ്ജിത്. ബാലുശ്ശേരി കരുമല സ്വദേശിയായ രഞ്ജിത് കോഴിക്കോട് ചാലപ്പുറത്താണിപ്പോള്‍ താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker