CrimeKeralaNews

ധനവ്യവസായബാങ്ക് തട്ടിപ്പ്: കോടികൾ നിക്ഷേപിച്ചവരിൽ രാഷ്ട്രീയക്കാരും

തൃശ്ശൂർ: 200 കോടി തട്ടിച്ച് ഉടമകൾ മുങ്ങിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരുടെ പട്ടിക പുറത്ത്. പോസ്റ്റ്‌ ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഇടപാട് രേഖകളുടെ പരിശോധനയ്ക്കിടയിൽ ലഭിച്ചത് വിപുലമായ പട്ടികയാണ്. കോടികൾ നിക്ഷേപിച്ചവരിൽ ഉന്നതരാഷ്ട്രീയക്കാർ മുതൽ സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ വരെയുണ്ട്.

പത്തു ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം, 90 ലക്ഷം വരെയുള്ള തുകകളാണ് ഓരോരുത്തരും നിക്ഷേപിച്ചിരിക്കുന്നത്. ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും കടകളിൽ ജോലിക്കുനിൽക്കുന്നവരും തുടങ്ങി രണ്ടു മുതൽ അഞ്ചു വരെ ലക്ഷം ഉള്ളവരുമുണ്ട്.

15 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം നൽകിയതെന്ന് രശീതിലുണ്ട്. ആറുമാസ കാലാവധിക്ക് നിക്ഷേപിച്ചവരാണ് പലരും. വടൂക്കര സ്വദേശിയായ പി.ഡി. ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായെത്തിയതിനു പിന്നാലെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ.

അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പിൽ പണം തിരികെക്കൊടുക്കാൻ കഴിയാത്ത വിധത്തിൽ പാപ്പരായെന്ന് കോടതിയെ ബോധ്യപ്പെടുത്തി ഉത്തരവ് നേടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നു. ഇവരുടെ മുൻകൂർ ജാമ്യഹർജി കോടതിയിലുണ്ട്.

ഇതിനിടയിൽ പരാതിക്കാരെ സമ്മർദത്തിലാക്കി പിൻവലിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. നിയമനടപടികളിലേക്ക് കടന്നാൽ തുക കിട്ടിയേക്കില്ലെന്നും അതേസമയം ഏതെങ്കിലും വിധത്തിലൂടെ പണം സമാഹരിച്ച് തുക നൽകാമെന്നുമടക്കമുള്ള സഹായങ്ങളാണ് നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. പ്രതികൾക്കായി പോലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു.

200 കോടിയുടെ തട്ടിപ്പുനടത്തി മുങ്ങിയ ധനവ്യവസായ ബാങ്ക് ഉടമകളുടെ വീടിനു മുന്നിൽ നിക്ഷേപകർ പ്രതിഷേധം സംഘടിപ്പിച്ചു.

ഞായറാഴ്‌ച 11.30-നാണ് വടൂക്കര- അരണാട്ടുകര റോഡിലെ പാണഞ്ചേരി വീടിനു മുന്നിൽ പ്രതിഷേധിച്ചത്‌. സ്ഥാപന ചെയർമാൻ ജോയ്‌ ഡി. പാണഞ്ചേരിയുടെയും മാനേജിങ് പാർട്ണർ ഭാര്യ കൊച്ചുറാണിയുടെയും വീടാണിത്.

50 നിക്ഷേപകർ വീടിന്റെ ഗേറ്റിൽ ബാനർ തൂക്കി. കൊണ്ടുവന്ന റീത്തും ഗേറ്റിന് മുന്നിൽവെച്ചു. പ്രതിഷേധം അറിഞ്ഞെത്തിയ പോലീസ് റീത്ത് നിർബന്ധിച്ച് എടുത്തുമാറ്റിച്ചു. ബാനറും നീക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, പ്രതിഷേധക്കാർ ഇതിന് തയ്യാറായില്ല.

പ്രശ്‌നങ്ങളുണ്ടാക്കിയാൽ എല്ലാവരുടെയും പേരിൽ കേസെടുക്കുമെന്ന് പോലീസ് താക്കീത് നൽകി. പ്രതിഷേധക്കാരുടെ പേരും മേൽവിലാസവും എടുത്താണ് പോലീസ് മടങ്ങിയത്. തട്ടിപ്പ്‌ നടത്തിയവരെ സംരക്ഷിക്കാൻ േപാലീസ് ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൽ ഒാഹരിനിക്ഷേപമുള്ള അഭിഭാഷകന്റെ അടുത്ത ബന്ധുവാണ് തൃശ്ശൂർ നഗരത്തിലെ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥനെന്നും അതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നും ആരോപണമുണ്ടായിരുന്നു.

പ്രതികളെ പിടികൂടിയശേഷം വിട്ടയയ്ക്കുകയായിരുന്നെന്നും ആരോപിച്ചിരുന്നു. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker