എഐ ടൂള്‍ ഉപയോഗിച്ച് ശബ്ദം ദുരുപയോഗം ചെയ്യുന്നു: ഗായകന്‍ അരിജിത് സിംഗിന്‍റെ കേസില്‍ നിര്‍ണ്ണായക ഇടക്കാല വിധി
മുംബൈ: എഐ ടൂളുകള്‍ ഉപയോഗിച്ച് തന്‍റെ ശബ്ദം ദുരുപയോഗം ചെയ്യുന്നു എന്ന ഹര്‍ജിയില്‍ ഗായകനായ അരിജിത് സിംഗിന് ആശ്വാസം നൽകി ബോംബെ ഹൈക്കോടതി. ഒരു സെലിബ്രിറ്റിയുടെ ശബ്ദമോ ചിത്രമോ ഉപയോഗിച്ച് സമ്മതമില്ലാതെ കണ്ടന്‍റ് സൃഷ്ടിക്കുന്ന എഐ ഉപകരണങ്ങള്‍ ആ വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനമാണ് എന്നാണ് കോടതി പരാമര്‍ശിച്ചത്.
സെലിബ്രിറ്റികൾ എഐ ടൂളുകൾ വഴി അനധികൃതമായ ഉള്ളടക്കം സൃഷ്ടിക്കുന്ന വിഷയത്തില്‍ നിസഹായരാണെന്നം കോടതി നിരീക്ഷിച്ചു. അരിജിത് സിംഗ് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ ഐ ചഗ്ല ജൂലായ് 26-ന് ഇടക്കാല ഉത്തരവിൽ സിംഗിൻ്റെ വ്യക്തി അവകാശങ്ങൾ ലംഘിച്ചതിന് എട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോട് എഐ വഴി സൃഷ്ടിച്ച കണ്ടന്‍റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഈ പ്ലാറ്റ്‌ഫോമുകൾ തൻ്റെ ശബ്‌ദം അനുകരിച്ച് കൃത്രിമ ഗാനങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് അരിജിത് സിംഗ് കോടതിയെ സമീപിച്ചിരുന്നത്. ഗായകന്‍ എന്നതിനപ്പുറം തന്‍റെ ശബ്ദം ഉപയോഗിച്ച് പരസ്യങ്ങളിലോ മറ്റോ പങ്കെടുക്കാത്ത വ്യക്തിയാണ് അരിജിത് സിംഗ് എന്നാണ് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ഹിരേൻ കാമോദ് പറഞ്ഞത്.