യുക്രൈന്‍ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറി ബെക്കാം
ലണ്ടന്‍: യുക്രൈനിലെ യുദ്ധമുഖത്തെ മുന്നണിപോരാളിയായ വനിതാ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറി ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. ഖാര്‍കിവിലെ റീജിയണല്‍ പെരിനാറ്റല്‍ സെന്റര്‍ മേധാവി ഐറിനയ്ക്കാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ കൈമാറിയതെന്ന് ബെക്കാം വീഡിയോ സന്ദേശത്തില്‍ അറിയിച്ചു. ഫേസ്ബുക്കില്‍ 56 മില്യണും ഇന്‍സ്റ്റഗ്രാമില്‍ 71.5 മില്യണും ഫോളോവേഴ്‌സ് ബെക്കാമിനുണ്ട്.
യുക്രെയ്‌നിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഐറിനയും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന അത്ഭുതകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സ്റ്റോറികള്‍ പങ്കുവയ്ക്കാന്‍ തന്റെ സോഷ്യല്‍ മീഡിയ ചാനലുകള്‍ കൈമാറുകയാണ്. യുണിസെഫിനെയും ഐറിനയെ പോലുള്ളവരെയും സഹായിക്കണമെന്നും ഡോണേഷന്‍ ലിങ്ക് അടക്കം പങ്കുവച്ചുകൊണ്ട് ബെക്കാം പറഞ്ഞു.
ചൈല്‍ഡ് അനസ്തേഷ്യോളജിസ്റ്റായ ഐറിന ഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയും ചികിത്സിക്കുന്ന ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെയേറെ വെല്ലു വിളി നിറഞ്ഞ സാഹചര്യത്തിലും ദിവസത്തില്‍ 24 മണിക്കൂറും സേവനം ചെയ്യുകയാണ് താനെന്ന് ഐറിന പറയുന്നു.
‘യുദ്ധത്തിന്റെ ആദ്യദിനം എല്ലാ ഗര്‍ഭിണികളെയും അമ്മമാരെയും ആശുപത്രിയുടെ ബേസ്മെന്റിലേക്ക് മാറ്റേണ്ടിവന്നിരുന്നു. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളെ ബേസ്‌മെന്റിലേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.’ ‘ബോംബിംഗിനും മിസൈല്‍ ആക്രമണങ്ങള്‍ക്കും ഇടയില്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് പഠിച്ച ആദ്യ ദിവസങ്ങള്‍ ഏറെ പ്രയാസകരമായിരുന്നു’- ഐറിന കൂട്ടിച്ചേര്‍ക്കുന്നു.