ഗ്ലാസ്ഗൗ:യൂറോ കപ്പിൽ മത്സരങ്ങളിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് പിറന്ന കളിയിൽ സ്കോട്ട്ലൻഡിനെ തകർത്ത് ചെക്ക് റിപ്പബ്ലിക്ക്.ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ചെക്ക് ടീം സ്കോട്ട്ലൻഡിനെ തകർത്തത്. ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്നതാണ് സ്കോട്ട്ലൻഡിന് തിരിച്ചടിയായത്.
ഇരട്ട ഗോളുമായി തിളങ്ങിയ പാട്രിക് ഷിക്കാണ് ചെക്ക് ഹീറോ. മത്സരത്തിന്റെ 52-ാം മിനിറ്റിൽ ഷിക്ക് നേടിയ ഗോൾ യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി. ചെക്കിനായി കഴിഞ്ഞ 11 മത്സരങ്ങളിൽ നിന്ന് ഷിക്കിന്റെ എട്ടാം ഗോളായിരുന്നു ഇത്.
ഇരു ടീമുകളും മികച്ച കളി പുറത്തെടുത്ത മത്സരത്തിൽ 42-ാം മിനിറ്റിലായിരുന്നു ഷിക്കിന്റെ ആദ്യ ഗോൾ. വ്ളാഡിമിർ കൗഫലിന്റെ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ഷിക്ക് വലയിലെത്തിച്ചു.
ആദ്യ പകുതിയിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് സ്കോട്ട്ലൻഡായിരുന്നുവെങ്കിലും പലപ്പോഴും ഫിനിഷിങ്ങിൽ അവർക്ക് പിഴച്ചു. 32-ാം മിനിറ്റിൽ റോബർട്ട്സന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ചെക്ക് ഗോളി തോമസ് വാസ്ലിക്കും തിളങ്ങി. 48-ാം മിനിറ്റിൽ സ്കോട്ട്ലൻഡ് താരം ജാക്ക് ഹെൻഡ്രിയുടെ ഷോട്ട് ബാറിൽ തട്ടി തെറിക്കുകയും ചെയ്തു.
ആദ്യ പകുതി ചെക്ക് ടീമിന്റെ ലീഡിൽ അവസാനിച്ച ശേഷം 52-ാം മിനിറ്റിലായിരുന്നു കാണികളെ അമ്പരപ്പിച്ച ഷിക്കിന്റെ ത്രില്ലിങ് ഗോൾ.
ചെക്ക് ടീമിന്റെ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. സോസെക് നൽകിയ പാസ് സ്വീകരിച്ച് സ്കോട്ട്ലൻഡ് ഹാഫിലേക്ക് കയറിയ ഷിക്ക് ഗോൾകീപ്പർ മാർഷൽ സ്ഥാനം തെറ്റിനിൽക്കുന്നത് ശ്രദ്ധിച്ചു. ഈ അവസരം മുതലെടുത്ത് താരത്തിന്റെ ഇടംകാലനടി മാർഷലിന് യാതൊരു അവസരവും നൽകാത വലയിൽ. ഏകദേശം 45 മീറ്റർ അകലെ നിന്നായിരുന്നു ഷിക്കിന്റെ ഈ ഷോട്ട്.
https://twitter.com/rosesmorte/status/1404441435395420173?s=19
സ്കോട്ട്ലൻഡ് ഗോൾകീപ്പർ മാർഷലും ചെക്ക് ഗോൾകീപ്പർ വാസ്ലിക്കും മത്സരത്തിലുടനീളം മികച്ച സേവുകളുമായി കളംനിറഞ്ഞു. 47, 81 മിനിറ്റുകളിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ഗോളെന്നുറച്ച ഷോട്ടുകളാണ് മാർഷൽ തടഞ്ഞിട്ടത്.
മത്സരത്തിൽ പിടിപ്പത് പണി ചെക്ക് ഗോൾകീപ്പർ വാസ്ലിക്കിനായിരുന്നു. 48, 49, 62, 66 മിനിറ്റുകളിൽ സ്കോട്ട്ലൻഡിന്റെ ഉറച്ച ഗോളവസരങ്ങളാണ് താരം രക്ഷപ്പെടുത്തിയത്.