വേടന്‍റെ പോസ്റ്റില്‍ ലൈക്ക്,മാപ്പ് പറഞ്ഞ് നടി പാര്‍വ്വതി
കൊച്ചി:തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള റാപ്പര്‍ വേടന്‍റെ (ഹിരണ്‍ദാസ് മുരളി) പോസ്റ്റില്‍ ലൈക്ക് അടിച്ചതില്‍ മാപ്പ് പറഞ്ഞ് നടി പാര്‍വ്വതി. മീ റ്റൂ ആരോപണ വിധേയനായ വേടന്‍റെ മാപ്പ് പറച്ചിലിന് ലൈക്ക് അടിച്ച പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വ്വതിയുടെ ഖേദപ്രകടനം. ഗായകന്‍ വേടനെതിരെ ധൈര്യത്തോട മീ റ്റൂ ആരോപണങ്ങള്‍ ഉന്നയിച്ച, അതിക്രമത്തെ അതീജിവച്ചവരോട് ഞാന്‍ മാപ്പ് പറയുന്നുവെന്ന് പാര്‍വ്വതി പറയുന്നു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതിയുടെ പ്രതികരണം. ”വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങള്‍ തെറ്റ് ചെയ്തെന്ന് സമ്മതിക്കാറില്ല എന്നതിനാലാണ്. അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. അതിജീവിച്ചവരോടൊപ്പം നില്‍ക്കേണ്ടത് ഏറ്റവും പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വേടന്‍റെ മാപ്പ് പറച്ചില്‍ ആത്മാര്‍ത്ഥമായ ഒന്നല്ലെന്ന് വേടന്‍റെ അതിക്രമണത്തില്‍ നിന്ന് അതിജീവിച്ച ചിലര്‍ തന്നെ അറിയിച്ച അപ്പോള്‍ തന്നെ ആ ലൈക്ക് താന്‍ പിന്‍വലിച്ചതായി പാര്‍വ്വതി പറയുന്നു. താന്‍ മൂലം വിഷമമുണ്ടായവരോട് മാപ്പ് ചോദിക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.
ലൈംഗിക അതിക്രമ ആരോപണം ഉയര്‍ന്നതിനു പിന്നാലെ ക്ഷമാപണവുമായി മലയാളി റാപ്പര്‍ വേടന്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി വേടന്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്.
പിന്നാലെ ആല്‍ബത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് മുഹ്‌സിന്‍ പരാരി ഔദ്യോഗികമായി അറിയിച്ചു. വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമായതാണെന്നും അതില്‍ അടിയന്തര ഇടപെടലും പരിഹാരവും വേണമെന്നും മുഹ്‌സിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പിന്നാലെയാണ് റാപ്പര്‍ വേടന്‍ പരസ്യമായി മാപ്പ് പറഞ്ഞത്.
എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്.
വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്നു മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും ഞാന്‍ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു’, വേടന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.