KeralaNewsPolitics

റെഡ് ആർമി പേജിൽ വീണ്ടും ചെന്താരകം പാട്ട്, ശശിയുടെ നിയമനത്തിൽ സൈബർ പോര്

കണ്ണൂർ:ലൈംഗികപീഡനപരാതിയെത്തുടർന്ന് ഒരിക്കൽ പാർട്ടി പുറത്താക്കിയ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയതിനെ വിമർശിച്ചതിന് പിന്നാലെ പി ജയരാജനെച്ചൊല്ലി കണ്ണൂരിലെ പാർട്ടി അണികൾക്കിടയിൽ വാക്പോര് മുറുകുന്നു. സമൂഹ മാധ്യമങ്ങളിലെ ഇടത് ഗ്രൂപ്പുകളിലാണ് പി ജയരാജന്‍റെ നടപടിയെ ന്യായീകരിച്ചും വിമർശിച്ചും പോസ്റ്റുകൾ നിറയുന്നത്. പി ജയരാജനെതിരെ നടപടിക്ക് വരെ കാരണമായ ‘ചെന്താരകം’ വാഴ്ത്തുപാട്ട് റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പ് വീണ്ടും അപ്‍ലോഡ് ചെയ്തു.

മുഖ്യമന്ത്രി പിണറായി, പാർട്ടി സെക്രട്ടറി കോടിയേരി, എൽഡിഎഫ് കൺവീനർ ഇ പി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി – ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂരിൽ നിന്നുള്ള നേതാക്കൾ സിപിഎമ്മിന്‍റെയും മുന്നണിയുടെയും സർക്കാരിന്‍റെയും എല്ലാ പ്രധാന ചുമതലകളിലും ഇരിക്കുന്നു.

‘കണ്ണൂർ ലോബി’യെന്ന ചർച്ച വീണ്ടും സജീവമാകുമ്പോഴാണ് കണ്ണൂരിലെ ഒരു നേതാവിനെ ചുറ്റിപ്പറ്റി അണികൾക്കിടയിൽ മറ്റൊരു വാക്പോര് മുറുകുന്നത്. സ്വഭാവദൂഷ്യത്തിന്‍റെ പേരിൽ പുറത്താക്കിയ പി ശശിയെ വീണ്ടും നേതൃപദവിയിൽ കൊണ്ടുവന്നതിനെ വിമർശിച്ച പി ജയരാജനെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇടത് അനുഭാവി ഗ്രൂപ്പുകളിൽ നിറയുന്നത്. സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്ന ഫാൻ ഗ്രൂപ്പായ റെഡ് ആർമി പി ജയരാജനെ പുകഴ്ത്തുന്ന ചെന്താരകം പാട്ട് വീണ്ടും അപ്‍ലോഡ് ചെയ്തുവെന്നതാണ് ശ്രദ്ധേയം.
തരം താഴ്തപ്പെട്ടവനെ ഉയർത്തി രാഷ്ട്രീയ ഉപദേഷ്ടാവ് ആക്കിയാൽ അയാൾ ഇനിയും പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കും എന്ന് പി ശശിക്ക് എതിരായി പോസ്റ്റുകൾ. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച പി ജയരാജനെ നേതൃത്വം തഴഞ്ഞാലും അണികളുടെ ഇടനെഞ്ചിലുണ്ട് പിജെയെന്ന വാഴ്ത്ത് പാട്ടും.

പി ജയരാജന്‍റെ വിരലറ്റുപോയ കൈപ്പത്തി പ്രൊഫൈൽ പിക്ചറാക്കിയാണ് മകൻ ജെയിൻ രാജ് ഉൾപ്പടെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം പി ജയരാജന് മുന്നേ ജില്ലാ സെക്രട്ടറി ആയ ആളാണ് ശശിയെന്നും അർഹമായ അംഗീകാരമാണ് ഇപ്പോൾ കിട്ടിയതെന്നും മറുപടിയുമായി നേതൃത്വത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും ഇടത് ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker