NationalNews

സി.പി.എം ‘ഭീകര പ്രസ്ഥാനം’അവരോട് സഖ്യമില്ല;ആഞ്ഞടിച്ച്‌ മമത ബാനർജി

ന്യൂഡൽഹി: സിപിഎം ‘ഭീകരരുടെ പാർട്ടി’ ആണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അവരോട് സഖ്യത്തിൽ ഏർപ്പെടില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ സഹായിക്കുകയാണ് സിപിഎം എന്നും മമത ആരോപിച്ചു. അതേസമയം, കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് മമത ബാനർജി മൗനം പാലിച്ചു.

സൗത്ത് 24 പർഗാനാസിൽ നടന്ന സർക്കാർ ചടങ്ങിൽ സംസാരിക്കവെയാണ് സിപിഎമ്മിനെ ഭീകരരുടെ പ്രസ്ഥാനം എന്ന് മമത ബാനർജി വിശേഷിപ്പിച്ചത്. 34 വർഷം ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ച പാർട്ടിയാണ് സിപിഎം. ഇന്ന് അവർ ക്യാമറക്ക് മുന്നിൽ ഇരുന്ന് സംസാരിക്കുന്നു.

അധികാരത്തിൽ ഇരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി സിപിഎം എന്ത് ചെയ്തുവെന്നും മമത ചോദിച്ചു. ജനങ്ങൾക്ക് എന്ത് അലവൻസാണ് സിപിഎം സർക്കാർ നൽകിയത്? തൃണമൂൽ കോൺഗ്രസ് സർക്കാർ 20,000-ഓളം പേർക്ക് ജോലി നൽകിയെന്നും മമത അവകാശപ്പെട്ടു. ബിജെപിക്കും സിപിഎമ്മിനും എതിരായ പോരാട്ടമാണ് താൻ നടത്തുന്നതെന്നും മമത ബാനർജി പറഞ്ഞു.

തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി തന്ത്രപരമായ ബന്ധത്തിൽ തൃണമൂൽ കോൺഗ്രസ് ഏർപ്പെട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആരോപിച്ചു.

കേന്ദ്ര ഏജൻസികളിൽനിന്ന് തങ്ങളുടെ നേതാക്കളെ രക്ഷിക്കാനുള്ള അടവുനയമാണ് തൃണമൂൽ സ്വീകരിക്കുന്നതെന്നാണ് സലീമിന്റെ ആരോപണം. അഴിമതിക്കാരായ തൃണമൂൽ കോൺഗ്രസിന് ബിജെപിയെ നേരിടാൻ കഴിയില്ലെന്നാണ് സിപിഎം നിലപാട്.

ഇതിനിടെ ബംഗാളിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും തമ്മിൽ നടത്തുന്ന സീറ്റ് വിഭജന ചർച്ച അനിശ്ചിതത്വത്തിൽ തുടരുകയാണ്. കോൺഗ്രസിന് രണ്ട് സീറ്റുകൾക്കപ്പുറം നൽകില്ലെന്ന നിലപാടിലാണ് മമത. ഇടതുപാർട്ടികൾക്കൊപ്പംചേർന്ന് മത്സരിക്കണമെന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസിലെ ചില നേതാക്കൾ. എന്നാൽ, അത് പാർട്ടിക്ക് ഗുണംചെയ്യില്ലെന്ന നിലപാടിലാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker