NationalNews

മതത്തിന്റെ സ്ഥാപനമായി അലിഗഢ് മുസ്ലിം സർവ്വകലാശാലയെ കണക്കാക്കരുത്, ന്യൂനപക്ഷ പദവി നൽകരുത്;കേന്ദ്രം സുപ്രിംകോടതിയില്‍

ന്യൂഡൽഹി: ഏതെങ്കിലും മതത്തിന്റേയോ മതവിഭാഗത്തിന്റെയോ സ്ഥാപനമായി അലിഗഢ് മുസ്ലിം സർവ്വകലാശാലയെ കണക്കാക്കാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ബനാറസ് ഹിന്ദു സർവ്വകലാശാലയെ പോലെ ഭരണഘടനാപരമായി രൂപീകൃതമായ ദേശീയ പ്രാധാന്യവും സ്വഭാവും ഉള്ള സ്ഥാപനമാണ് അലിഗഢ് മുസ്ലിം സർവ്വകലാശാലയെന്നും കേന്ദ്രം വ്യക്തമാക്കി. സംവരണം ഉൾപ്പടെ നിഷേധിക്കാനാണ് സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടുന്നതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടി.

അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത വാദം എഴുതിനൽകിയത്. ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ മാതൃകയിലാണ് അലിഗഢ് മുസ്ലിം സർവ്വകലാശാല രൂപികൃതമായത്.

വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെങ്കിലും 1935-ലെ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ബനാറസ് ഹിന്ദു സർവ്വകലാശാലയെയും അലിഗഢ് മുസ്ലിം സർവ്വകലാശാലയെയും കേന്ദ്രത്തിന്റെ അധികാരപരിധിക്ക് കീഴിലാണ് നിലനിറുത്തിയതെന്നും എഴുതിനൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രൂപീകൃതമായ സമയത്തുണ്ടായിരുന്ന മതേതരസ്വഭാവം അലിഗഢ് മുസ്ലിം സർവ്വകലാശാല നിലനിറുത്തണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തത്തിന്റെ വിശാല താത്പര്യമാണ് സർവ്വകലാശാല കണക്കാക്കേണ്ടത്. 2006 മുതൽ സർവ്വകലാശാല എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർത്ഥികൾക്കുള്ള സംവരണം നൽകുന്നില്ല.

സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകിയാൽ എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് ഉള്ള സംവരണവും നിഷേധിക്കപെടും. ഇതിനുപുറമെ സർവ്വകലാശാലയിലെ ന്യൂനപക്ഷ സംവരണം അമ്പത് ശതമാനമോ അതിലധികമോ ആയി ഉയരാൻ ഇടയുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ എഴുതിനൽകിയ വാദത്തിൽ അവകാശപ്പെട്ടു.

സംവരണം നിഷേധിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് അലിഗഢ് മുസ്ലിം സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെടുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1967-ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ വിധി ശരിയായിരുന്നെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം, ചരിത്രപരമായ വസ്തുതകൾ മറച്ചുവെക്കുന്നതാണ് കേന്ദ്ര സർക്കാർ നിലപാടെന്ന് അലിഗഢ് മുസ്ലിം സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ രാജീവ് ധവാൻ ആരോപിച്ചു. മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ് 1920-ൽ അലിഗഢ് മുസ്ലിം സർവ്വകലാശാലയാക്കി മാറ്റുന്നത് മുസ്ലിം സമുദായമാണ്. ഇതിനായി 30 കോടി രൂപയുടെ ഫണ്ട്‌ രൂപീകരിച്ചിരുന്നുവെന്നും രാജീവ് ധവാൻ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസിൽ വാദം കേൾക്കൽ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker