KeralaNews

ജയ്ക്ക് ചാലക്കുടിയില്‍ തോമസ് ഐസക്ക് എറണാകുളത്ത്,ജലീല്‍ പൊന്നാനിയില്‍; സി.പി.എം ലോക്‌സഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിങ്ങനെ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലേക്ക് യുവനേതാവ് ജെയ്ക് സി തോമസിനെ പരിഗണിക്കുന്നതായി പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ച. എന്നാല്‍ ലോക്‌സഭയിലേക്കല്ല രാജ്യസഭയിലേക്കാണ് ജെയ്കിനെ പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ പുതുമുഖ പരീക്ഷണത്തിന് അവധി കൊടുത്ത് ലോക് സഭയിലേക്ക് സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാന്‍ സിപിഐഎം ആലോചിക്കുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിമാരായി അറിയപ്പെടുന്ന ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ എന്നിവരെയടക്കം മത്സരരംഗത്തിറക്കിയുളള പരീക്ഷണത്തിനാണ് നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന. മുതിര്‍ന്നവര്‍ക്കൊപ്പം ടി വി രാജേഷ്, ചിന്താ ജെറോം, വി വസീഫ് തുടങ്ങിയ യുവാക്കളെയും മത്സരിപ്പിച്ചേക്കും. പൊന്നാനി പിടിക്കാന്‍ പാര്‍ട്ടി സഹയാത്രികന്‍ ഡോ കെ ടി ജലീലിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിവാദം കടപുഴക്കിയ 2019ലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കരകയറാന്‍ മുതിര്‍ന്നവരെയും ജനകീയരെയും രംഗത്ത് ഇറക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. അതുകൊണ്ടാണ് കെ കെ ശൈലജ, തോമസ് ഐസക്ക്, കെ ടി ജലീല്‍ തുടങ്ങിയവരെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച ഉയരാന്‍ കാരണം.

ശൈലജയെ കണ്ണൂരിലൊ വടകരയിലോ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ശൈലജ പ്രതിനീധീകരിക്കുന്ന കൂത്തുപറമ്പ് മണ്ഡലം വടകര ലോകസഭ മണ്ഡലത്തിലാണ്. സംഘടനാ ചുമതലയുമായി പത്തനംതിട്ടയിലുളള തോമസ് ഐസക്കിനെ അവിടെയോ നഗര മണ്ഡലമായ എറണാകുളത്തോ മത്സരിപ്പിക്കണമെന്ന ചര്‍ച്ചയും പാര്‍ട്ടിവൃത്തങ്ങളില്‍ സജീവമാണ്.ലീഗ് ശക്തി ദുര്‍ഗങ്ങളില്‍ അട്ടിമറി വിജയം നേടിയിട്ടുളള കെ ടി ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിക്കണം എന്നതും ചര്‍ച്ചയിലുണ്ട്.

കാസര്‍കോട് മണ്ഡലത്തില്‍ ടി.വി.രാജേഷ്, പത്തനംതിട്ടയില്‍ രാജു എബ്രഹാം എന്നിവരുടെ പേരുകളും സജീവമായി കേള്‍ക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്കൊപ്പം ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ്, യുവ വനിതാ നേതാവ് ചിന്താ ജെറോം എന്നിവരെയും ലോകസഭയിലേക്ക് പരിഗണിക്കും എന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker