KeralaNews

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമോ?നിലപാട് വ്യക്തമാക്കി ശൈലജടീച്ചര്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന വാർത്തകളെ തളളി സിപിഐഎം കേന്ദ്രകമ്മിറ്റിയം​ഗം കെ കെ ശൈലജ. പാർട്ടിയോ ഇടതുപക്ഷ മുന്നണിയോ തീരുമാനിച്ചിട്ടില്ല. പ്രാഥമിക സ്ഥാനാർത്ഥി ചർച്ച പോലും പാർട്ടി നടത്തിയിട്ടില്ല. നേരത്തെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതി സിപിഐഎമ്മിനില്ല.

ഓരോ ഘട്ടത്തിലും കൂടിയാലോചനകൾ നടത്തിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാറുളളത്. ഈ വാർത്ത എങ്ങനെയാണ് വന്നതെന്ന് അറിയില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തമായി നടത്തുമെന്നും കെ കെ ശൈലജ പറഞ്ഞു.

ജനങ്ങളുടെ പരാതികൾ കേൾക്കുന്ന മണ്ഡലം സദസ് എന്ന പരിപാടി വിജയകരമാകുമെന്നാണ് കരുതുന്നത്. പൊതുജനങ്ങൾക്ക് മന്ത്രിമാരേയും മുഖ്യമന്ത്രിയേയും നേരിട്ട് കണ്ട് പരാതികൾ സമർപ്പിക്കാം. സഞ്ചരിക്കുന്ന മന്ത്രിസഭ ധൂർത്ത് അല്ല. സർക്കാർ ചെയ്യുന്ന എന്തും ധൂർത്താണോ എന്നും കെ കെ ശൈലജ ചോദിച്ചു.

സർക്കാരിന് പ്രവർ‌ത്തിക്കാൻ പണം ചെലവഴിക്കേണ്ടി വരും. ചെലവ് കുറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നു. ജനങ്ങളുടെ പ്രയാസങ്ങൾ കുറച്ചുകൊണ്ടുളള പരിപാടിയായി ഇത് മാറ്റുമെന്നാണ് കരുതുന്നതെന്നും കെ കെ ശൈലജ പറഞ്ഞു.

സർക്കാരിന്റെ പ്രവർ‌ത്തനം ഒരോ നിമിഷവും മെച്ചപ്പെടുന്നുവെന്നും എംഎൽഎ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ഒന്നാം പിണറായി സർക്കാരിനേക്കാൾ മോശമാണെന്ന അഭിപ്രായം പാർട്ടി കമ്മിറ്റികൾക്കൊന്നുമില്ല. നാല് മിഷനുകൾ ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്നിരുന്നു. അത് പൂർത്തീകരിക്കേണ്ട ഉത്തരവാദിത്തം രണ്ടാം പിണറായി സർക്കാരിന്റേത് തന്നെയാണ്. ആ പ്രവർത്തനം തുടർന്നുവരികയാണ്.

വൻകിട പ്രൊജക്ടുകളും ക്ഷേമ പദ്ധതികളും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം ഈ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ തടസമുണ്ടാക്കുന്നുവെന്നും കെ കെ ശൈലജ കുറ്റപ്പെടുത്തി.

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെയുളള കെ എം ഷാജിയുടെ അധിക്ഷേപത്തിനെതിരേയും എംഎൽഎ പ്രതികരിച്ചു. സാധനം എന്ന് പറയുന്നത് വളരെയധികം മ്ലേച്ചമായ വാക്കാണ്. ഒരു രാഷ്ട്രീയ നേതാവും സ്ത്രീകൾക്ക് നേരെ അത്തരം വാക്കുകൾ പ്രയോ​ഗിക്കരുത്. അത് അങ്ങേയറ്റം തെറ്റായിട്ടുളള കാര്യമാണ്.

നമ്മളെല്ലാവരും പരസ്പരം വിമർശിക്കുന്നവരാണ്. കടുത്ത വിമർശനം ഉന്നയിക്കാൻ അന്തസുറ്റ ഭാഷ ഉപയോ​ഗിക്കുക എന്നതാണ് ​ഗുണം. നിപ വൈറസ് ബാധിച്ചപ്പോൾ‌ ഈ സർക്കാർ പ്രോട്ടോകോൾ പാലിച്ച് എല്ലാ നടപടിക്രമങ്ങളും നല്ല രീതിയിൽ നടത്തിയെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker