KeralaNews

നാടുവിടും മുന്‍പ് വധുവിന്‍റെ കുടുംബത്തെ ബോധ്യപ്പെടുത്തണമായിരുന്നു; വരനെതിരെ സിപിഎം

കോഴിക്കോട്:കോടഞ്ചേരിയിലെ പ്രണയവിവാഹ വിവാദത്തില്‍ വരനെതിരെ സിപിഎം നേതാക്കള്‍. നാടുവിടും മുന്‍പ് ഷെജിന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബോധ്യപ്പെടുത്തണമായിരുന്നു. തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ ആ കുടുംബത്തിനൊപ്പം നില്‍ക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വേവലാതി മനസിലാക്കാനുള്ള ഹൃദയം പാര്‍ട്ടിക്കുണ്ട്. ഷെജിനെതിരായ നടപടി അടഞ്ഞ അധ്യായമാണ്. മതമേലധ്യക്ഷന്മാരുമായി ഇനിയും സംസാരിക്കും. കോടഞ്ചേരിയില്‍ നടന്ന വിശദീകരണ യോഗത്തിലാണ് പി.മോഹനന്റെ പ്രസ്താവന. യോഗത്തില്‍ മുൻ എംഎൽഎ ജോര്‍ജ് എം.തോമസും പങ്കെടുത്തു.
അതേസമയം, വിവാദം പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമം ആണെന്ന് ജോര്‍ജ് എം.തോമസ് പറഞ്ഞു.

കന്യാസ്ത്രീകളെ ഉള്‍പ്പെടെ അണിനിരത്തി സംഘടിപ്പിച്ച മാര്‍ച്ച് ഗൂഢനീക്കത്തിന് തെളിവാണ്. വിവാദമായ വിവാഹത്തെക്കുറിച്ച് ഒരുവിധത്തിലും അറിവുണ്ടായിരുന്നില്ലെന്ന് ജോര്‍ജ് എം.തോമസ് പറഞ്ഞു.

ലവ് ജിഹാദ് വിവാദം തള്ളി കോടഞ്ചേരിയിലെ മിശ്രവിവാഹിതരായ ഡിവൈഎഫ്ഐ നേതാവ് ഷെജിനും ഭാര്യ ജോയ്‌സ്‌നയും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ഷെജിൻ പറഞ്ഞു. നാട്ടില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ചിലർ ശ്രമിക്കുന്നതായും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ ഷെജിൻ പറഞ്ഞു.

സ്വന്തം ഇഷ്ടത്തിന് ഷെജിന്റെ കൂടി ഇറങ്ങിവന്നതെന്ന് ജോയ്‌സ്‌ന പ്രതികരിച്ചു. വിവാദം വേദനിപ്പിച്ചുവെന്നും ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജോയ്‌സ്‌ന പറഞ്ഞു. സാധാരണ സിപിഎം ഇരുമതസ്ഥര്‍ തമ്മിലുള്ള വിവാഹം പോസിറ്റീവ് ആയി കാണാറുണ്ട്. ജോര്‍ജ് എം.തോമസിനെതിരെ നടപടി വേണമെന്ന് അഭിപ്രായമില്ല. രണ്ടുദിവസം താന്‍ വിളിക്കാതിരുന്നതു മൂലമുള്ള ആശയക്കുഴപ്പമാവാമെന്നും ഷെജിന്‍ വ്യക്തമാക്കി. താമരശേരി കോടതിയില്‍ ഹാജരായ ജോയ്‌സ്‌ന ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചതിനു പിന്നാലെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു.

ശനിയാഴ്ചയാണ് മുസ്‌ലിം സമുദായത്തില്‍പെട്ട ഷെജിനും ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ജോയ്‌സ്‌നയും വിവാഹം കഴിച്ചത്. ഒരു സമുദായത്തെ മുഴുവന്‍ ഷെജിന്‍ വേദനിപ്പിച്ചെന്നും മതസൗഹാര്‍ദം തകര്‍ത്തെന്നും മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ജോര്‍ജ് എം.തോമസ് ആരോപിച്ചതോടെയാണ് വിവാദം മുറുകിയത്. പാര്‍ട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു ഷെജിന്‍ ഇത് ചെയ്യാനെന്നും പാര്‍ട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ജോര്‍ജ് എം.തോമസ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker