എട്ടാം ദിവസവും പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രതകുറയുന്നു. തുടര്‍ച്ചയായ എട്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കേസുകളുടെ എണ്ണം. ഇന്നലെ 60,471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എഴുപത്തിയഞ്ച് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
കഴിഞ്ഞ മാസം ഏഴിന് 4.14 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാര്‍ച്ച് 31 ന് ശേഷമുള്ള പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും താഴ്ന്ന നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3.45 ശതമാനമാണ്.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം 66 ദിവസത്തിനു ശേഷം പത്തുലക്ഷത്തില്‍ താഴെ എത്തി. രോഗമുക്തിനിരക്കും ഉയര്‍ന്നു. 95.64 ശതമാനമാണ് ഇന്നലത്തെ രോഗമുക്തി നിരക്ക്. തിങ്കളാഴ്ച 2,726 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ ആകെ 2.95 കോടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് 3.7 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു.
നിലവില്‍ 9,13,378 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 25,90,44,072 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.