കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം, 12 തീയേറ്ററുകൾക്കെതിരെ നടപടി
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം നടത്തിയ 12 തീയേറ്ററുകൾക്കെതിരെ നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269 എന്നീ വകുപ്പുകൾ പ്രകാരമാണ് തീയേറ്റർ മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തീയേറ്ററുകളിലെ നൂറ് ശതമാനം സീറ്റുകളിലും ആളുകളെ കയറ്റുന്നത് അപകടമാണെന്ന് കേന്ദ്രം നേരത്തെ താക്കീത് നൽകിയിരുന്നു. എന്നാൽ നിർദ്ദേശങ്ങൾ പാലിക്കാതെ തമിഴ്‌നാട്ടിൽ തീയേറ്ററുകളിൽ കാണികളെ കയറ്റുകയായിരുന്നു.
അതേസമയം വിജയ് ആരാധകരുടെ തിരക്ക് കാരണമാണ് മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിച്ചതെന്നാണ് തീയേറ്റർ ഉടമകളുടെ വിശദീകരണം. നേരത്തെ മാസ്റ്റർ റിലീസിന് മുന്നോടിയായി 100 ശതമാനം കാണികളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടിരുന്നു. സർക്കാരിന്റെ ഉത്തരവ് കേന്ദ്രം ഇടപെട്ട് പിൻവലിച്ചിരുന്നു.