ഭാരവാഹികളുടെ അലവന്‍സുകള്‍ വെട്ടിക്കുറച്ചേക്കും; ചെലവ് ചുരുക്കല്‍ നടപടികളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഫണ്ട് ശേഖരണത്തിനും ഒപ്പം ചെലവ് ചുരുക്കാനുമുള്ള നടപടികളുമായി കോണ്‍ഗ്രസ്. ചെലവ് ഏറ്റവും കുറക്കുക എന്നതാണ് ആശയമെന്നും ഓരോ രൂപയും ലാഭിക്കാന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സാല്‍ എന്‍ഡിടിവിയോട് പറഞ്ഞു.
സെക്രട്ടറിമാരോട് ട്രെയിനില്‍ യാത്ര ചെയ്യാനും സാധ്യമല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ചെയ്യാനും ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. പാര്‍ലമെന്റ് അംഗങ്ങളായ ജനറല്‍ സെക്രട്ടറിമാരോട് അവരുടെ വിമാന യാത്രാ ആനുകൂല്യങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സെക്രട്ടറിമാര്‍ മുതല്‍ ജനറല്‍ സെക്രട്ടറിമാര്‍ വരെയുള്ള എല്ലാ പാര്‍ട്ടി ഭാരവാഹികള്‍ക്കും ചെലവുചുരുക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സെക്രട്ടറിമാര്‍ക്ക് 1,400 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് അനുയോജ്യമായ ട്രെയിന്‍ നിരക്ക് നല്‍കും. 1,400 കിലോമീറ്ററിന് മുകളില്‍ ദൂരമുള്ള യാത്രകള്‍ക്ക് കുറഞ്ഞ വിമാന നിരക്ക് നല്‍കും. ട്രെയിന്‍ നിരക്ക് വിമാന നിരക്കിനേക്കാള്‍ കൂടുതലാണെങ്കില്‍ മാത്രമേ മാസത്തില്‍ രണ്ടുതവണ വിമാന നിരക്ക് നല്‍കൂയെന്നും കോണ്‍ഗ്രസ് മെമ്മോ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
എംപിമാരോട് എല്ലാ വര്‍ഷവും 50,000 രൂപ സംഭാവന ചെയ്യാനും പാര്‍ട്ടി ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം. കാന്റീന്‍, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം മുതലായവയുടെ ചെലവുകള്‍ എഐസിസി ഭാരവാഹികള്‍ തന്നെ കുറയ്ക്കണമെന്നും ആവശ്യപ്പെടും.