ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ വച്ച് യുവതിക്ക് നേരെ ആസിഡ് ഒഴിച്ചു; പിന്നില്‍ മുന്‍വൈരാഗ്യമെന്ന് റിപ്പോര്‍ട്ട്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ വച്ച് യുവതിക്ക് നേരെ ആസിഡ് ആക്രമണം. വ്യാഴാഴ്ച വൈകുന്നരം ഔറയ്യയില്‍ നിന്നും ഇറ്റാവാഹിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകവേയാണ് യുവതിക്ക് നേരെ മൂന്നംഗ സംഘം ആസിഡ് ഒഴിച്ചത്. ആക്രമണ ശേഷം പ്രതികള്‍ ട്രെയിനില്‍ നിന്നും ചാടി രക്ഷപെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ സഹോദരനും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പ്രതികള്‍ സഹോദരനെ കള്ളക്കേസില്‍ കുടുക്കി. ദുസ്സെഹ്രയിലുള്ള സ്വന്തം വീട് സന്ദര്‍ശിക്കുന്നതില്‍ യുവതിയേയും പ്രതികള്‍ ഭിഷണിപ്പെടുത്തിയിരുന്നു.

ഇതിന്റെ പേരില്‍ യുവതി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. സംഭവത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി എസ്പി അപര്‍ണ ഗൗതം അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News