പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ കാമുകന് നേരെ കത്തി വീശി ബിരുദ വിദ്യാര്‍ത്ഥിനി! സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറിയ കാമുകന് നേരെ പൊതുനിരത്തില്‍ വെച്ച് കത്തി വീശി ഭീഷണിപ്പെടുത്തി ബിരുദ വിദ്യാര്‍ഥിനി. ഇന്നലെ വൈകിട്ട് നാലിന് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നു വര്‍ഷമായി ഇഷ്ടത്തിലായിരുന്നു വിദ്യാത്ഥിയും യുവാവും. വീട്ടുകാര്‍ വിവരം അറിഞ്ഞതോടെ കുറച്ചുനാളായി യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ച് യുവാവ് മുങ്ങിനടക്കുകയായിരുന്നു. ഇന്നലെ കൂട്ടുകാരുമൊത്ത് ബസ്റ്റാന്‍ഡില്‍ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിര്‍ത്തി സംസാരിക്കുകയും ചെയ്തു. രംഗം വഷളായതോടെ കൂട്ടുകാര്‍ ഇവര്‍ക്കടുത്തേക്ക് എത്തി.
ഇതിനിടെ പെണ്‍കുട്ടി ബാഗില്‍ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരക്കുള്ള സമയമായതിനാല്‍ ഒട്ടേറെപ്പേര്‍ സംഭവം ശ്രദ്ധിച്ചതോടെ യുവാവും കൂട്ടുകാരും ഓടിമറഞ്ഞു. തുടര്‍ന്നു ബാഗില്‍ കത്തി ഒളിപ്പിച്ച പെണ്‍കുട്ടി ബസ് പാര്‍ക്കു ചെയ്യുന്ന ഭാഗത്തേക്ക് പോയി. അല്‍പസമയത്തിനുശേഷം വീണ്ടും സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ പിങ്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടുകാരെ വിളിച്ചുവരുത്തിയ പോലീസ് കുട്ടിക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് മടക്കി അയച്ചത്.