ഒരു കിലോ സവാളയ്ക്ക് 40 പൈസ, മുളകിന് ഒരു രൂപ! കൗതുകമായി 1968ലെ വിലനിലവാരം
മൂവാറ്റുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ 1968 കാലഘട്ടത്തിലെ വിലവിവരം കൗതുകമാകുന്നു. മൂവാറ്റുപുഴ ടൗണ്‍ യു.പി സ്‌കൂള്‍ അറബി അധ്യാപകനായിരുന്ന പി.പി. മുഹമ്മദ് ഇസ്മായിലിന്റെ കൈയിലാണ് അക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലവിവരമുള്ളത്.
നഗരത്തിലെ പ്രമുഖ പലവ്യഞ്ജന കടകളായിരുന്ന വി.എച്ച്. കമ്മത്ത്, സി.എസ്. നായര്‍ ആന്‍ഡ് കെ.വി. നായര്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നും 68 മുതല്‍ 78 വരെ സാധനങ്ങള്‍ വാങ്ങിയതിന്റെ ലിസ്റ്റ് ഇന്നും സൂക്ഷിച്ചിരിക്കുകയാണ് ഈ റിട്ട. അധ്യാപകന്‍. ഇന്ന് ഒരു കിലോ അരിക്ക് 47 രൂപയാണ് വിലയെങ്കില്‍ 68ല്‍ ഒരു കിലോ അരിയുടെ വില ഒരു രൂപ 80 പൈസയായിരുന്നു. ഇന്ന് 140 രൂപ കൊടുക്കേണ്ട ഉള്ളിക്ക് അന്നത്തെ വില 50 പൈസ. സവാളക്ക് 40 പൈസയും മുളകിന് ഒരു രൂപയും മല്ലിക്ക് 80 പൈസയുമായിരുന്നു വില. 4.50 രൂപ കൊടുത്താല്‍ വെളിച്ചെണ്ണയും 1.50 രൂപ നല്‍കിയാല്‍ പഞ്ചസാരയും അന്ന് ലഭിക്കുമായിരുന്നു.
അന്നത്തെ പ്രധാന നിത്യോപയോഗ സാധനമായിരുന്ന ശര്‍ക്കരയുടെ വില 1.30 രൂപയായിരുന്നു. ലൈഫ് ബോയ്‌സോപ്പിന് 65 പൈസയും തുണി അലക്കാനുപയോഗിക്കുന്ന കാരത്തിന് 100 ഗ്രാമിന് 10 പൈസയുമായിരുന്നു. ഉപ്പ് ലിറ്ററിന് 5 പൈസയെ ഉണ്ടായിരുന്നുള്ളു. കടലക്ക് 1.40 രൂപയും തേയില 100 ഗ്രാമിന് 75 പൈസയുമായിരുന്നു അന്നത്തെ വില. എന്നാല്‍, ഒരു പതിറ്റാണ്ടിനുശേഷം 1978 ആകുമ്പോഴേക്കും വിലയില്‍ ഗണ്യമായ മാറ്റം വന്നിരുന്നു.
വെളിച്ചെണ്ണ വില 8 രൂപയായി ഉയര്‍ന്നു. ഉള്ളിക്ക് 1.20 രൂപയും, സവാളക്ക് 1.30 രൂപയുമായി. കിഴങ്ങ് വില 1.10 രൂപയുമായി. തേയില വില നൂറു ഗ്രാമിന് 1.50, രൂപയായി. പഞ്ചസാരയുടെ വില മൂന്നിരട്ടി ഉയര്‍ന്ന് 4.90 പൈസയാകുകയും ചെയ്തു.
ചെറുപയറിന് 2.50 രൂപയും കടലക്ക് 2.63 രൂപയുമായി വില ഉയര്‍ന്നു. അരിവിലയാകട്ടെ 2.70 രൂപയിലുമെത്തി.പതിറ്റാണ്ടുകള്‍ കടന്ന് കാലചക്രം 2020ല്‍ എത്തുമ്പോള്‍ കുത്തരിയുടെ വില 47 രൂപയാണ്. പഞ്ചസാരക്ക് 38, വെള്ളിച്ചെണ്ണക്ക് 160, സവാളക്ക് 50, ഉള്ളിക്ക് 140, കിഴങ്ങിന് 40, കടലക്ക് 75, ചെറുപയറിന് 110, മുളകിന് 220, മല്ലിക്ക് 80 രൂപ എന്നിങ്ങനെയാണ് വില.