KeralaNews

നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ വാഹനം തടഞ്ഞതില്‍ പങ്കില്ല; ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്തം ഞങ്ങളുടെ മേല്‍ കെട്ടിവെക്കരുതെന്ന് സി.ഐ.ടി.യു

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒയിലേക്ക് വന്ന ചരക്കുവാഹനങ്ങള്‍ തടഞ്ഞ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.ഐ.ടി.യു. തിരുവനന്തപുരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയാണ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തുവന്നത്.

വലിയ വേളിയില്‍ ഞായറാഴ്ച നടന്ന സംഭവങ്ങള്‍ക്ക് സി.ഐ.ടി.യുവിനെ പഴിചാരുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ പ്രസിഡന്റ് ആര്‍.രാമുവും സെക്രട്ടറി സി. ജയന്‍ ബാബുവും പ്രതികരിച്ചു. ചില മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും ഇവര്‍ ആരോപിച്ചു.

പ്രദേശവാസികളെന്ന് അവകാശപ്പെടുന്ന സ്വതന്ത്ര യൂണിയന്‍കാരാണ് അമിത കൂലി ആവശ്യപ്പെട്ടതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും. സി.ഐ.ടി.യു അംഗങ്ങളായ ഒരാള്‍ പോലും ഈ പ്രദേശത്ത് ജോലി ചെയ്യുന്നില്ല. ഇത് അന്വേഷിക്കുന്ന ആര്‍ക്കും ബോധ്യമാവുന്നതാണ്. പ്രശ്ന പരിഹാരത്തിന് നേതൃത്വം നല്‍കിയ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചാലും നിജസ്ഥിതി അറിയാവുന്നതേയുള്ളൂവെന്നും സി.ഐ.ടി.യു പ്രതിനിധികള്‍ പറഞ്ഞു.

ചുമട്ടുതൊഴില്‍ മേഖലയില്‍ ആശാസ്യമല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്തം സി.ഐ.ടി.യുവിന് മേല്‍ കെട്ടിവയ്ക്കാന്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. അമിത കൂലി, നോക്കുകൂലി എന്നീ സമ്പ്രദായങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സി.ഐ.ടി.യുവിനുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ചയാണ് വി.എസ്.എസ്.സിയിലേക്ക് വന്ന ഐ.എസ്.ആര്‍.ഒയുടെ ചരക്കുവാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞ സംഭവുമുണ്ടായത്. ഐ.എസ്.ആര്‍.ഒയുടെ വിന്റ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍ നിന്നുമെത്തിച്ച കൂറ്റന്‍ ചരക്കുവാഹനമാണ് വേളി പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞത്.

ആകെ 184 ചണ്‍ ചരക്കാണ് വാഹനത്തിനുള്ളതെന്നും ഒരു ടണ്ണിന് 2000 രൂപ എന്ന നിരക്കില്‍ നോക്കുകൂലി നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യമെന്നും പത്ത് ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടതെന്നും വി.സ്.എസ്.സി അധികൃതര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

വി.എസ്.എസ്.സിക്കായി സ്ഥലമേറ്റെടുപ്പ് നടത്തിയപ്പോള്‍ നല്‍കിയ തൊഴിലുറപ്പ് വാഗ്ദാനങ്ങള്‍ ഇതുവരെയും പാലിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ടായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തുടങ്ങിയ വാക്കുതര്‍ക്കും കയ്യേറ്റത്തിലേക്കും കടന്നു. ഇടവക വികാരിയുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പോലീസിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റിയാണ് വാഹനം കടത്തിവിട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker