ഭാര്യയെ സംശയം; ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മൂന്നു മക്കളെ ഡാമിലെറിഞ്ഞ് കൊന്നു, പിന്നാലെ ആത്മഹത്യാ ശ്രമം

ആരവല്ലി: ഭാര്യയെ ആക്രമിക്കുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ കൊലപ്പെടുത്തുകയും ചെയ്ത ശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ പ്രതി ജീവഭായ് ദേദൂണിവിനെ ഇസാരി പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചാണു വെള്ളിയാഴ്ച രാത്രി പ്രതി ഭാര്യയെ കോടാലികൊണ്ടു ആക്രമിച്ചത്. ഭാര്യയെ ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷം രണ്ടരയും എട്ടും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും ഒന്‍പത് വയസ്സുള്ള മകനെയും ഗ്രാമത്തിനടുത്തുള്ള ഡാമില്‍ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച വൈകുന്നേരം കണ്ടെടുത്തു.

ഞായറാഴ്ച രാവിലെ പ്രതി ഡാമിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം കണ്ട ഗ്രാമവാസികള്‍ ഇത് തടയുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്. അവരുടെ നില ഗുരുതരമാണ്. ഐപിസി സെക്ഷന്‍ 302, 307 എന്നിവ പ്രകാരം പ്രതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News