‘കുളിമുറിയില്‍ വീണ് ആശുപത്രിയിലായപ്പോള്‍ പിണറായി ഫോണ്‍ വിളിച്ചു, ‘പരനാറി’ പ്രയോഗം രാഷ്ട്രീയം മാത്രം’; പ്രേമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘പരനാറി’ പ്രയോഗത്തെ രാഷ്ട്രീയമായാണ് കാണുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍. പിണറായിയുമായി അകല്‍ച്ച ഉണ്ടായിട്ടില്ലെന്നും മികച്ച വ്യക്തിബന്ധമാണ് ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ രണ്ടുപേരും പൊതുരംഗത്ത് നില്‍ക്കുന്നതിനാല്‍ പിന്നീട് എത്രയോ തവണ കണ്ടു. സൗഹൃദത്തോടെ സംസാരിച്ചു. എന്റെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രി വന്നു. ഡല്‍ഹിയില്‍ ഈയിടെ കുളിമുറിയില്‍ വീണ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് ക്ഷേമം അന്വേഷിച്ചു. വ്യക്തിപരമായ പകയും വിദ്വേഷവും ഒന്നുമില്ല. രാഷ്ട്രീയമായ എതിര്‍പ്പ് ഉണ്ടാകുമല്ലോ’- പ്രേമചന്ദ്രന്‍ പറഞ്ഞു.

ആര്‍എസ്പിയുടെ എല്‍ഡിഎഫ് പ്രവേശനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ഭാവിയില്‍ എന്തു സമ്മതിക്കുമെന്ന് പറയാനാവില്ലെന്നായിരുന്നു പ്രേമചന്ദ്രന്റെ മറുപടി. ആര്‍എസ്പി തയാറാണെങ്കില്‍ മുന്നണി പ്രവേശത്തെക്കുറിച്ച് ആലോചിക്കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞിരുന്നു.

2014 ലെ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു പിണറായി വിജയന്റെ പരനാറി പരാമര്‍ശം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ ഇടതു ചേരിയിലുണ്ടായിരുന്ന ആര്‍എസ്പി മുന്നണി വിട്ട് യുഡിഎഫിലെത്തിയതാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ചൊടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News