അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു
തിരുവനന്തപുരം: ഡിഎൻഎ ഫലം പോസിറ്റീവ് ആയതോടെ അനുമതി ലഭിച്ചതിനേ തുടർന്ന് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. സിഡബ്ല്യുസിൽ നിന്ന് അനുമതി ലഭിച്ചതിനേ തുടർന്നാണ് കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടത്. സമരപ്പന്തലിൽ നിന്നാണ് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക് അനുപമയും അജിത്തും പോയത്.
കുഞ്ഞിനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെമെന്ന് കുഞ്ഞിനെ കണ്ടശേഷം അനുപമ പറഞ്ഞു. കണ്ടിട്ട് വിട്ടുപോന്നതിൽ വിഷമമുണ്ട്. കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും കോടതി നടപടികൾ വേഗത്തിലാക്കാൻ അഭ്യർഥിക്കുമെന്ന് സിഡബ്യുസിയിൽ നിന്ന് അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ കുഞ്ഞിനെ കാണാൻ പോകുന്നത്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. കുഞ്ഞിനെ കാണുന്നതിനേക്കുറിച്ച് വളരെ ആകാംഷയുണ്ട്. കാണാൻ അനുമതി ലഭിക്കുമെന്ന് കരുതിയില്ല. പറയാൻ പറ്റാത്തത്ര സന്തോഷമുണ്ടെന്നും കുഞ്ഞിനെ കാണാൻ പോകും മുമ്പ് അനുപമ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു.
പ്രസവിച്ച് മൂന്നു ദിവസത്തിനു ശേഷം തന്നിൽനിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വർഷത്തിനു ശേഷം അനുപമ കണ്ടത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് നടത്തിയ ഡിഎൻഎ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ അനുമതി ലഭിച്ചത്.
ദത്ത് നൽകപ്പെട്ട കുഞ്ഞിനെ കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് ആന്ധ്രയിൽനിന്ന് കേരളത്തിലെത്തിച്ചത്. തുടർന്ന് കുഞ്ഞിന്റെ ജനിതക സാംപിളുകൾ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽനിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും സാംപിളുകൾ നൽകി. ഇന്ന് ഉച്ചയോടെയാണ് പരിശോധനാ ഫലം വന്നത്.