31.7 C
Kottayam
Thursday, April 25, 2024

രതീഷിനെ കുടുക്കിയത് വിദേശത്ത് നിന്ന് ലഭിച്ച അജ്ഞാത ഫോണ്‍കോള്‍;ബാലാത്സംഗത്തിനുശേഷം കൊലപാതകം, മൃതദേഹം കുഴിച്ചുമൂടാനുള്ള ശ്രമത്തിനു തിരിച്ചടിയായി മഴ,

Must read

ചേര്‍ത്തല:സമാനതകളില്ലാത്ത ക്രൂരതയാണ് കടക്കരപ്പള്ളിയില്‍ യുവതിയ്ക്ക് സ്വന്തം സഹോദരി ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത്.കൊല ചെയ്തശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതി രതീഷിനെ പിടികൂടാന്‍ പൊലീസിന് നിര്‍ണായകമായത് വിദേശത്തു നിന്നു ലഭിച്ച ഇന്റര്‍നെറ്റ് കോള്‍. ശനിയാഴ്ച വൈകിട്ട് ആറരയോടെ പട്ടണക്കാട് എസ്‌ഐ: ആര്‍.എല്‍. മഹേഷിന്റെ ഔദ്യോഗിക നമ്പറിലേക്കാണ് അജ്ഞാതന്റെ വിളി വന്നത്. പ്രതി ചെങ്ങണ്ടയിലെ ബന്ധുവീട്ടിലുണ്ടാകും എന്നു പറയുകയും അവിടുത്തെ നമ്പര്‍ നല്‍കുകയും ചെയ്തു.

രതീഷിന്റെ ബന്ധുവീടായിരുന്നു ഇത്. ഉടന്‍ പൊലീസ് അവിടെയെത്തി. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടാണ് പിടികൂടിയത്. ചെങ്ങണ്ടയില്‍ എത്തുന്നതിനു മുന്‍പ് വേറെ രണ്ടു ബന്ധുവീടുകളിലും രതീഷ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ചങ്ങനാശേരി, മുത്തൂര്‍, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലെ ബന്ധുവീടുകളില്‍ പ്രതിയെത്താന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടെയും മഫ്തിയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടായിരുന്നു.

മംഗലാപുരത്തെ സുഹൃത്തിന്റെ അടുക്കലേക്ക് ഇയാള്‍ കടന്നേക്കാമെന്ന സൂചനയെ തുടര്‍ന്ന് അവിടേക്ക് പുറപ്പെടാനും പൊലീസ് ആലോചിച്ചു. രതീഷിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകള്‍, അവരുടെ ഫോണ്‍ വിളികള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും ക്രമീകരണം ചെയ്തു. പ്രതി സ്‌കൂട്ടറില്‍ കടന്നതിനാല്‍ പെട്രോള്‍ ബങ്കുകള്‍, ജില്ലാ അതിര്‍ത്തിയിലെ സുരക്ഷാ ക്യാമറകള്‍ തുടങ്ങിയവയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കൂട്ടായ പ്രയത്‌നത്തിലൂടെയാണ് പ്രതിയെ വേഗം പിടികൂടാനായതെന്നു പട്ടണക്കാട് സിഐ ആര്‍.എസ്. ബിജുമോന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായ ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23നു രാത്രി ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്‌കൂട്ടറില്‍ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി നിലത്തുവീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.

മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടത്. തലയ്ക്കിടിയേറ്റപ്പോള്‍ തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹരികൃഷ്ണയുടെ സംസ്‌കാരം നടത്തി.ചേര്‍ത്തല ഡിവൈഎസ്പി വിനോദ് പിള്ള, പട്ടണക്കാട് സിഐ ആര്‍.എസ്.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അപേക്ഷ നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week