26.6 C
Kottayam
Thursday, March 28, 2024

ഐ.എസ്.എൽ; ജെംഷഡ്പൂരിനെതിരെ ചെന്നൈക്ക് കൂറ്റൻ ജയം

Must read

വാസ്‌കോ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ ചെന്നൈയ്ന്‍ എഫ്സി പുതിയ സീസണ്‍ വിജയത്തോടെ തന്നെ തുടങ്ങി. അഞ്ചാം റൗണ്ട് മല്‍സരത്തില്‍ കഴിഞ്ഞ തവണ ചെന്നൈയെ ഫൈനലിലെത്തിച്ച കോച്ചായ ഓവന്‍ കോയല്‍ പരിശീലിപ്പിച്ച ജംഷഡ്പൂര്‍ എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ചെന്നൈ കീഴടക്കുകയായിരുന്നു. മൂന്നു ഗോളുകളും ആദ്യ പകുതിയിലായിരുന്നു.

അനിരുദ്ധ് ഥാപ്പ, എസ്മേല്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് ചെന്നൈയുടെ സ്‌കോറര്‍മാര്‍. കഴിഞ്ഞ തവണ ചെന്നൈയുടെ കുപ്പായത്തില്‍ കസറിയ നെറിയസ് വാല്‍സ്‌കിസാണ് ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയത്. ഇരുടീമുകളും മികച്ച പോരാട്ടം കാഴ്ചവച്ച മല്‍സരത്തില്‍ ബോള്‍ പൊസെഷനിലും പാസിങിലും ജംഷഡ്പൂര്‍ മുന്നിട്ടുനിന്നപ്പോള്‍ കൂടുതല്‍ ഗോള്‍ ഷോട്ടുകള്‍ തൊടുത്തത് ചെന്നൈയായിരുന്നു. മല്‍സരം തുടങ്ങി ഒന്നാം മിനിറ്റില്‍ത്തന്നെ ഥാപ്പ ചെന്നൈയെ മുന്നിലെത്തിച്ചിരുന്നു. ഇതോടെ ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യത്തെ ഇന്ത്യന്‍ ഗോള്‍സ്‌കോററായി അദ്ദേഹം മാറുകയും ചെയ്തു. വലതു വിങില്‍ നിന്നും ഇസ്മ നല്‍കിയ അസിസ്റ്റുമായി ബോക്സിനകത്തേക്കു ഓടിക്കയറിയ ശേഷം ഥാപ്പ തൊടുത്ത ഷോട്ട് ഗോളിക്കു ഒരു പഴുതും നല്‍കാതെ വലയില്‍ തുളഞ്ഞു കയറി. അഞ്ചാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ ആദ്യ ഗോള്‍ ശ്രമം ചെന്നൈയെ വിറപ്പിച്ചു. ഇടതു വിങില്‍ നിന്നും ചാങ്തെ നല്‍കിയ പാസ് സ്വീകരിച്ച് ജാക്കൂബ് തൊടുത്ത ഷോട്ട് പക്ഷെ വിഫലമാക്കപ്പെട്ടു. രണ്ടു മിനിറ്റിനുള്ളില്‍ ജംഷഡ്പൂര്‍ ഒപ്പമെത്തേണ്ടതായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പീറ്റര്‍ ഹാര്‍ട്ട്ലിയുടെ ഫ്രീഹെഡ്ഡര്‍ പക്ഷെ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.

25ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ചെന്നൈയുടെ രണ്ടാം ഗോളും പിറന്നു. ബോക്സിനകത്തു വച്ച് ഹെഡ്ഡറിനുള്ള ശ്രമത്തിനിടെ ചാങ്തെയെ ജംഷഡ്പൂര്‍ താരം ഇസാക്ക് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. എസ്മേല്‍ ഗോണ്‍കാല്‍വസ് പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. പൊരുതിക്കളിച്ച ജംഷഡ്പൂര്‍ 37ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. ജാക്കിച്ചാന്ത് സിങ് നല്‍കിയ നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് വാല്‍സ്‌കിസ് ജംഷഡ്പൂരിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. രണ്ടാംപകുതിയില്‍ ഇരുടീമുകളും ഗോളിനു വേണ്ടി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week