20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിര്‍ത്തലാക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പാകിസ്താനുമായി ബന്ധമുള്ളവയാണ് നിരോധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഈ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ചാനലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെന്‍സിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങള്‍, അന്തരിച്ച സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവ ഉള്‍പ്പെട്ട കണ്ടന്റുകള്‍ പ്രസ്തുത ചാനലുകള്‍ തെറ്റായി പോസ്റ്റ് ചെയ്യാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
‘കര്‍ഷകരുടെ പ്രതിഷേധം, പൗരത്വ ഭേദഗതിനിയമവുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവ പോസ്റ്റ് ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ മതന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ചില ചാനലുകള്‍ ശ്രമിച്ചു’, എന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.