പാലക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി; ശവശരീരം കണ്ടെത്തുമ്പോള്‍ കൈകാലുകള്‍ കെട്ടിയ നിലയില്‍
പാലക്കാട്: മണ്ണാര്‍ക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാട് മാസപ്പറമ്പ് സ്വദേശി വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുളള പശുവിനെയാണ് കൈകാലുകള്‍ കെട്ടിയ നിലയില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം മണ്ണാര്‍ക്കാട് പോലീസ് കേസ് എടുത്തു.
ഈ മാസം അഞ്ചാം തീയതി മുതലാണ് പശുവിനെ കാണാതായത്. രണ്ടുദിവസം നീണ്ട തെരച്ചലിനൊടുവിലാണ് കൈകാലുകള്‍ കെട്ടിയ നിലയില്‍ പശു ചത്തു കിടക്കുന്നതായി കണ്ടെത്തിയത്. സമീപവാസി പശുവിനെ അഴിച്ചുകൊണ്ടുപോകുന്നതായി കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. കൈകാലുകള്‍ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഉടമസ്ഥന്റെ പരാതി. സമീപത്തുളള വീടുകളിലെ പശുക്കളെയും സമാനമായി പീഡനത്തിന് ഇരയാക്കിയതായി നാട്ടുകാര്‍ പറയുന്നു.
പരാതിയില്‍ മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പശുവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടുപോകാനുളള തീരുമാനത്തിലാണ് പോലീസ്.