ഇത് പുളിങ്കുരു കച്ചവടമല്ല, കോടികളുടെ ഇടപാടാണ്; ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നിര്‍മാതാക്കളുടെ സംഘടന
കൊച്ചി: ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടന്‍ ഷെയ്ന്‍ നിഗം കള്ളം പ്രചരിപ്പിക്കുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന. ഇത് കോടികളുടെ ഇടപാടാണെന്നും പുളിങ്കുരു കച്ചവടമല്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നിര്‍മാതാക്കളുടെ വാദം. ഉല്ലാസം എന്ന ചിത്രത്തിനായി ഷെയ്‌നിന് 25 ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നായിരുന്നു കരാര്‍. ഇതു സംബന്ധിച്ച കരാര്‍ താരവുമായി ഒപ്പിട്ടിട്ടുണ്ട്. ചിത്രത്തിന് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ഷെയ്ന്‍ ഇപ്പോള്‍ പറയുന്നത്. ഈ വാദം പച്ചക്കള്ളമാണെന്നും നിര്‍മാതാക്കള്‍ ആരോപിച്ചു.
ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഷെയ്‌നിന്റെ വിലക്ക് നീക്കുന്ന കാര്യത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് നിര്‍മാതാക്കളുടെ സംഘടന. ഇതിനായി താരത്തിന് നിര്‍മാതാക്കള്‍ നല്‍കിയ സമയപരിധി അവസാനിച്ചതിനാല്‍ ഇനി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ താരസംഘടനയായ അമ്മ പറയാതെ ഡബ്ബിംഗിന് എത്തില്ലെന്ന് നിര്‍മാതാക്കളെ ഷെയ്ന്‍ അറിയിച്ചു. നിര്‍മാതാക്കള്‍ നല്‍കിയ അന്ത്യശാസനം തള്ളിയാണ് ഷെയ്ന്‍ മുന്നോട്ടുപോകുന്നത്.