NewsNews

രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം; സുബ്രഹ്മണ്യം സ്വാമി ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

യുകെയിൽ 2003ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാക്കോപ്സ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർമാരിലും സെക്രട്ടറിമാരിലും ഒരാളാണ് രാഹുൽ ​ഗാന്ധിയെന്നും അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും ആരോപിച്ച് 2019ൽ സുബ്രഹ്മണ്യം സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

ബാക്കോപ്‌സ് ലിമിറ്റഡിന്റെ വാർഷിക റിട്ടേണുകളിൽ ഒന്നിൽ രാഹുൽ ഗാന്ധിയെ ബ്രിട്ടീഷ് പൗരനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2005 ഒക്ടോബർ 10-നും 2006 ഒക്ടോബർ 31-നും സമർപ്പിച്ച വാർഷിക റിട്ടേണുകളിലും 2009 ഫെബ്രുവരി 17-ന് ബാക്കോപ്‌സ് ലിമിറ്റഡിൻ്റെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്ന് സ്വാമി ആരോപിക്കുന്നു.

ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ-9 ൻ്റെയും 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിൻ്റെയും ലംഘനമാണെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 29-ന് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും ആവശ്യപ്പെട്ടിരുന്നു.

കത്ത് നൽകി അഞ്ച് വർഷം കഴിഞ്ഞിട്ടും വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വ്യക്തതയില്ലെന്ന് ആരോപിച്ചാണ് ബിജെപി രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker