വേല്‍യാത്ര; നൂറോളം ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ ധിക്കരിച്ച് വീണ്ടും വേല്‍യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ചെന്നൈയ്ക്ക് സമീപം തിരുവോട്ടിയൂര്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ അനുമതിയില്ലാതെ ആറാം തീയതി നടത്തിയ വേല്‍യാത്ര സംസ്ഥാന സര്‍ക്കാര്‍ തടയുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തമിഴ്നാട്ടില്‍ വിവാദമായിരുന്നു. എച്ച് രാജ ഉള്‍പ്പടെ നൂറോളം ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് അന്ന് യാത്രക്ക് തടയിട്ടത്. കൊവിഡ് വ്യാപനം കാരണമാണ് യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറാകാത്തതാണ് പ്രശ്നം.
മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന വേല്‍യാത്ര നിശ്ചയിച്ചിരുന്നത്. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും മുന്‍നിര താരങ്ങളെയും യാത്രയില്‍ അണിനിരത്താനായിരുന്നു ബിജെപി പദ്ധതി.