മുട്ട കഴിക്കുന്ന കുട്ടികള്‍ നരഭോജികളായി തീരും; നല്ലത് മുരിങ്ങക്കോലെന്ന് ബി.ജെ.പി നേതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് മുട്ട ഉള്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. മാംസാഹാരം ഇന്ത്യയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ഇന്ന് മുട്ട കൊടുക്കും പിന്നീട് അവര്‍ കോഴിയെ കഴിക്കും, ശേഷം അവര്‍ ആടിനെ കഴിക്കും എന്നും ശേഷം അവര്‍ നരഭോജികളായി മാറുമെന്നുമായിരുന്നു ഗോപാല്‍ ഭാര്‍ഗവ പറഞ്ഞത്. അങ്കണവാടികളില്‍ മുട്ട വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബി.ജെ.പി നേതാവുകൂടിയായ ഗോപാല്‍ ഭാര്‍ഗവ.
മദ്ധ്യപ്രദേശിലെ 42 ശതമാനം കുട്ടികളും പോഷകാഹാര കുറവ് നേരിടുന്നവരാണ്. ഇത് പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നേരത്തേ മുട്ടയ്ക്ക് പകരം മുരിങ്ങാകോല്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
എന്നാല്‍ പ്രതിപക്ഷത്തിന് അവര്‍ക്കിഷ്ടമുള്ളത് പറയാം. പോഷകാഹാരക്കുറവിന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത് കുട്ടികളുടെ ആരോഗ്യത്തിന് മുട്ട നല്ലതാണ് എന്നാണ്. അതുമാത്രമല്ല, മുട്ട നോണ്‍വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ വരുന്നതുമല്ല. അത് വെജിറ്റേറിയന്‍ വിഭാഗത്തില്‍പ്പെട്ടതുമാണ് എന്നാണ് ആരോഗ്യമന്ത്രി ഇമര്‍ത്തി ദേവി പ്രതികരിച്ചത്.