CricketNewsSports

തകര്‍ത്താടി ബാറ്റര്‍മാര്‍, വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 351 റണ്‍സ് നേടി. 85 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ (77), സഞ്ജു സാംസണ്‍ (51), ഹാര്‍ദിക് പാണ്ഡ്യ (70) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. റൊമാരിയോ ഷെഫേര്‍ഡ് വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഗംഭീര തുടക്കമാണ് ഗില്‍ – കിഷന്‍ ഓപ്പണിംഗ് സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 143 റണ്‍സ് കൂട്ടിചേര്‍ത്തു. ഗില്‍ ശ്രദ്ധയോടെ കളിച്ചപ്പോള്‍ കിഷന്‍ കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടര്‍ന്നു. യാന്നിക് കറിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് സ്റ്റംപ് ചെയ്താണ് കിഷന്‍ മടങ്ങുന്നത്. 64 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും എട്ട് ഫോറും നേടി. മൂന്നാമനായി ക്രീസിലെത്തിയ റുതുരാജ് ഗെയ്കവാദിന് അവസരം മുതലാക്കാനായില്ല. 14 പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. അല്‍സാരി ജോസഫിന്റെ പന്തില്‍ ബ്രന്‍ഡന്‍ കിംഗിന് ക്യാച്ച്.

തുടര്‍ന്ന് സഞ്ജു ക്രീസിലേക്ക്. രണ്ടാം ഏകദിനത്തിലെ നിരാശ സഞ്ജു തീര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ചാണ് സഞ്ജു കളിച്ചത്. നേരിട്ട ആദ്യ നാല് പന്തില്‍ 15 റണ്‍സ്. 41 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ത്താണ് സഞ്ജു മടങ്ങുന്നത്. ഷെഫേര്‍ഡിന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച്. നാല് സിക്‌സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഗില്ലിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചതുമില്ല. 92 പന്തുകള്‍ നേരിട്ട താരത്തെ ഗുഡകേഷ് മോട്ടി പുറത്താക്കി. 11 ഫോറുകള്‍ ഗില്ലിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 

30 പന്തില്‍ 35 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ അവസാനമായി ഷെഫേര്‍ഡും പുറത്താക്കി. ഹാര്‍ദിക്, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (8) പുറത്താവാതെ നിന്നു. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സ്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ രണ്ട് മാറ്റം വരുത്തി. അക്‌സര്‍ പട്ടേലിന് പകരം റുതുരാജ് ഗെയ്കവാദ് ടീമിലെത്തി. ഉമ്രാന്‍ മാലിക്കും പുറത്തായി. ജയദേവ് ഉനദ്ഖടാണ് പകരക്കാരന്‍. മാറ്റമൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങിയത്. പരമ്പരയില്‍ ഇരുവരും ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്ഖട്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: കെയ്ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker