സിനിമയില്‍ കണ്ടത് പോലെ നമുക്ക് ഉമ്മ വച്ചാലോ? കുട്ടിക്കാലത്തെ ലൈംഗിക അതിക്രമം വെളിപ്പെടുത്തി കല്‍ക്കി
മുംബൈ:തന്റെ അഭിനയ മികവു കൊണ്ട് പലപ്പോഴായി ഞെട്ടിച്ചിട്ടുള്ള നടിയാണ് കല്‍ക്കി കേക്ല. സിനിമാ ലോകത്തെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് കല്‍ക്കി സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഇന്ത്യയില്‍ ജനിച്ച, വിദേശികളായ അച്ഛന്റെയും അമ്മയുടേയും മകളായ കല്‍ക്കി കരിയറിലും ജീവിതത്തിലും ധാരാളം വെല്ലുവിളികള്‍ നേരിട്ടാണ് സ്വന്തമായൊരു പേരുണ്ടാക്കുന്നത്.
തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മുമ്പൊരിക്കല്‍ കല്‍ക്കി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് സംസാരിക്കുകയാണ് കല്‍ക്കി. തന്റെ വീട്ടിലെ ജോലിക്കാരനില്‍ നിന്നുമാണ് കല്‍ക്കിയ്ക്ക് അതിക്രമം നേരിടേണ്ടി വന്നത്.
തന്റെ അഭിപ്രായങ്ങളും മറ്റും തുറന്ന് പറയുന്ന താരമാണ് കല്‍ക്കി. മറയില്ലാതെ സംസാരിക്കുന്നതാണ് കല്‍ക്കിയുടെ ശീലം. തനിക്ക് ദുരനുഭവമുണ്ടാകുമ്പോള്‍ വെറും ഒമ്പത് വയസ് മാത്രമായിരുന്നു പ്രായമെന്നാണ് കല്‍ക്കി പറയുന്നത്. അന്ന് അതിന്റെ ആഴം തനിക്ക് അറിയില്ലായിരുന്നുവെന്നും വര്‍ഷങ്ങള്‍ വേണ്ടി വന്നു തനിക്ക് നേരിട്ടത് എന്താണെന്ന് മനസിലാക്കാന്‍ എന്നുമാണ് കല്‍ക്കി പറയുന്നത്.
”എനിക്ക് ഒമ്പത് വയസായിരുന്നു. അയാള്‍ ഞങ്ങളുടെ ജോലിക്കാരനായിരുന്നു. അവന് 16 വയസേ ഉണ്ടായിരുന്നുള്ളൂ, പ്രായപൂര്‍ത്തിയായിരുന്നില്ല. അതൊരു അതിക്രമമാണെന്ന് മനസിലാക്കാന്‍ പോലും എനിക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു. കാരണം അന്ന് കരുതിയിരുന്നത് അത് വെറും ഗെയിം ആണെന്നായിരുന്നു. സിനിമയില്‍ കണ്ടത് അനുകരിക്കുന്നത് പോലെ. ഉമ്മ വെക്കുന്നത് സിനിമയില്‍ കണ്ടത് പോലെ. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്” കല്‍ക്കി പറയുന്നു.
നമുക്ക് സിനിമയില്‍ കണ്ടതു പോലെ ചുംബിച്ചു നോക്കിയാലോ എന്നൊക്കെയായിരുന്നു എന്നോട് പറഞ്ഞത്. ഞാന്‍ കുട്ടിയാണ്, എന്നെ സംബന്ധിച്ച് ഫണ്‍ ഗെയിം ആയിരന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഗെയിമല്ലെന്ന് മനസിലായത്. ഇതേക്കുറിച്ച് കൂടുതല്‍ അറിയുന്ന, എന്നേക്കാള്‍ മുതിര്‍ന്നൊരാള്‍ എന്നെ മുതലെടുക്കുകയായിരുന്നു. കുട്ടിക്കാലത്ത് അത് മനസിലായില്ലെന്നും കല്‍ക്കി പറയുന്നു.
മനസിലാക്കിയ ശേഷം അതുമായി പൊരുത്തപ്പെടാനും സമയമെടുത്തു. ഏറ്റവും വലിയ പേടി മാതാപിതാക്കളോട് പറയുക എന്നതായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോഴാണ് ഇതേ അനുഭവം തനിക്കും ഉണ്ടായതായി അമ്മ പറയുന്നതെന്നും കല്‍ക്കി പറയുന്നു. അമ്മയ്ക്ക് ആ പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും മുക്തയാകാന്‍ അമ്പത് വര്‍ഷം വേണ്ടിവന്നുവെന്നും കല്‍ക്കി പറയുന്നു. വൈകിയാണെങ്കിലും ഇത്തരം സംഭവങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ തയ്യാറാകണമെന്നാണ് കല്‍ക്കിയുടെ അഭിപ്രായം.
ആര്‍ക്കാണ് ഇത് കേള്‍ക്കേണ്ടതുള്ളതെന്ന് നമുക്ക് അറിയില്ല. സ്വന്തം അനുഭവവും അതില്‍ നിന്നും പുറത്തു വന്നതിനേയും കുറിച്ച് പറയുമ്പോള്‍ സമാന അനുഭവങ്ങളിലൂടെ കടന്നു വന്നവര്‍ക്ക് അത് ആശ്വാസം പകരുമെന്നാണ് കല്‍ക്കി പറയുന്നത്. അതേസമയം തന്റെ മകള്‍ക്ക് താന്‍ ശരീരത്തെക്കുറിച്ചും സ്വകാര്യഭാഗങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും കല്‍ക്കി പറയുന്നു.
ദേവ് ഡിയിലൂടെയാണ് കല്‍ക്കി ശ്രദ്ധ നേടുന്നത്. പിന്നീട് യേ ജവാനി ഹേ ദീവാനി, സിന്ദഗി ന മിലേഗി ദൊബാര, ഗള്ളി ബോയ്, പാവൈ കഥകള്‍ തുടങ്ങിയ സിനിമകളിലൂടെ താരമായി മാറുകയായിരുന്നു കല്‍ക്കി. സിനിമയ്ക്ക് പുറമെ സീരീസ് ലോകത്തും കല്‍ക്കി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മെയ്ഡ് ഇന്‍ ഹെവന്‍ സീസണ്‍ 2 ആണ് കല്‍ക്കിയുടെ പുതിയ റിലീസ്. ഒന്നാം സീസണിലെ കല്‍ക്കിയുടെ പ്രകടനം കയ്യടി നേടിയിരുന്നു.