30.6 C
Kottayam
Tuesday, April 30, 2024

വ്യാജസന്ദേശങ്ങള്‍ വഴി തട്ടിപ്പ്:മുന്നറിയിപ്പുമായി പൊലീസ്‌; എറണാകുളം സ്വദേശിക്ക് നഷ്ടം ഒന്നരക്കോടി

Must read

തിരുവനന്തപുരം: കേസ് റജിസ്റ്റര്‍ ചെയ്‌തെന്നു പറഞ്ഞ് നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണംതട്ടുന്ന രീതി വ്യാപകമെന്ന് പൊലീസ്. ഒരാളുടെ പേരില്‍ അയച്ച കൊറിയറിലോ പാഴ്‌സലിലോ വ്യാജരേഖകളുണ്ടെന്നു പറഞ്ഞ് ബന്ധപ്പെടുകയും ഇവരില്‍ നിന്ന് പണം തട്ടിയെടുക്കുകയുമാണ് തട്ടിപ്പുസംഘത്തിന്റെ രീതി.

വെബ്‌സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍ തിരയാറുണ്ട്, മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ തട്ടിപ്പിനിരയാക്കപ്പെടുന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തിയെന്നും പറയും. ഇമെയില്‍ വഴിയോ ഫോണിലോ ഇത്തരം സന്ദേശങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്‍ഡലിജന്‍സ് ഏജന്‍സികള്‍ എന്നിങ്ങനെയുള്ള പേരുകളിലാണ് ഇത്തരക്കാര്‍ സ്ഥിരമായി തട്ടിപ്പുകള്‍ നടത്താറുള്ളതെന്നും പൊലീസ് വ്യക്തമാക്കി.

കേസ് റജിസ്റ്റര്‍ ചെയ്തതായി അറിയിക്കുന്ന തട്ടിപ്പുകാര്‍ വിശ്വസിപ്പിക്കാനായി അന്വേഷണ ഏജന്‍സിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കേസ് റജിസ്റ്റര്‍ ചെയ്‌തെന്ന വ്യാജരേഖകളും അയക്കും. അവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ വ്യാജരേഖയില്‍ പറയുന്ന പേരില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് ബോധ്യമാകുന്നതോടെ തട്ടിപ്പിനിരയാകുന്നവര്‍ പരിഭ്രാന്തരാകും.

ഫോണില്‍ വീണ്ടും വിളിച്ചു ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാര്‍ സ്‌കൈപ്പ് വഴിയും മറ്റും ഉള്ള വിഡിയോ കോളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കും. മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചായിരിക്കും അവര്‍ വിഡിയോ കോളില്‍ പ്രത്യക്ഷപ്പെടുക.

തട്ടിപ്പിനിരയാകുന്ന വ്യക്തി ചെയ്തത്. ഗുരുതരമായ തെറ്റാണെന്നും അവര്‍ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും വിര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തട്ടിപ്പുകാര്‍ പറയും. തങ്ങളുടെ അനുവാദമില്ലാതെ എങ്ങോട്ടും പോകാന്‍ പാടില്ലെന്നും തട്ടിപ്പുസംഘം അറിയിക്കും.

വിഡിയോ കോളിനിടെ അവര്‍ സ്വകാര്യവിവരങ്ങളും സാമ്പത്തിക സ്ഥിതിയുമൊക്കെ ചോദിച്ചു മനസ്സിലാക്കും. സമ്പാദ്യം പരിശോധനയ്ക്കായി നല്‍കണമെന്നും നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ചശേഷം തുക തിരിച്ചുനല്‍കുമെന്നും അറിയിക്കുകയാണ് അടുത്ത ഘട്ടം. പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍, അവര്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പിനിരയാകുന്ന വ്യക്തി പണം ഓണ്‍ലൈനായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടമായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഓഫിസില്‍ നിന്നെന്ന വ്യാജേന ഇത്തരത്തില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തോട് പ്രതികരിച്ച എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടു.

മുംബൈ പൊലീസില്‍ നിന്ന് എന്ന പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റൊരാളുടെ കയ്യില്‍ നിന്ന് 30 ലക്ഷം രൂപ കവര്‍ന്നത്. പണം നഷ്ടപ്പെട്ടാല്‍ ആദ്യമണിക്കൂറില്‍ തന്നെ അക്കാര്യം 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week