26.2 C
Kottayam
Thursday, May 16, 2024

‘സാധനങ്ങൾ വില കുറച്ചു നൽകുന്നു’: ട്വന്റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടപ്പിച്ചു

Must read

കൊച്ചി: തിരഞ്ഞെടുപ്പ് സമയത്ത് ഭക്ഷ്യസാധനങ്ങള്‍ വില കുറച്ചു നല്‍കുന്നു എന്നു ചൂണ്ടിക്കാട്ടി ട്വന്റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചു. ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ അഡീ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാമെങ്കിലും സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നതു ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ നിര്‍ത്തിവയ്ക്കാനായിരുന്നു കമ്മിഷന്റെ നിര്‍ദേശം.

കുന്നത്തുനാട്ടിലെ ജനങ്ങള്‍ക്കു പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിഷുക്കൈനീട്ടമാണു മാര്‍ക്കറ്റ് പൂട്ടിച്ചതിലൂടെ നടന്നിരിക്കുന്നതെന്നു ട്വന്റി20 പാര്‍ട്ടി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പ്രതികരിച്ചു. സിപിഎം പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് 50 ശതമാനം വിലക്കുറവില്‍ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിലച്ചതെന്നും അദ്ദേഹം ആരോപിച്ചു.

”ട്വന്റി20 ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റ് 2014ലാണു പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് 2015ലും 2016ലും 2019ലും 2020ലും 2021ലും തിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഈ അഞ്ച് തിരഞ്ഞെടുപ്പുകളിലും ഇല്ലാതിരുന്ന നിയമങ്ങള്‍ പറഞ്ഞാണ് ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിച്ചിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനെതിരെ നല്‍കിയ പരാതി മനുഷ്യത്വരഹിതവും മാപ്പര്‍ഹിക്കാത്ത ക്രൂരതയുമാണ്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്നും ഏപ്രില്‍ 2ന് ലഭിച്ച മാര്‍ഗനിര്‍ദേശം 10 ദിവസങ്ങള്‍ക്കുശേഷം ഏപ്രില്‍ 12ന് മാത്രമാണ് ഉത്തരവായി നല്‍കിയത്. 12 മുതല്‍ കോടതി അവധിയാണെന്നു മനസ്സിലാക്കി മുന്‍കൂട്ടി ആസൂത്രണം ചെയ്തു ബോധപൂര്‍വം ഉത്തരവ് വൈകിപ്പിച്ചതാണ്”- സാബു എം.ജേക്കബ് ആരോപിച്ചു.

നേരത്തേ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ആരംഭിച്ച സബ്‌സിഡി നിരക്കില്‍ മരുന്നുകള്‍ നല്‍കുന്ന ട്വന്റി20 മെഡിക്കല്‍ സ്റ്റോര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടപ്പിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പരാതി നല്‍കി പൂട്ടിച്ചതാണെന്ന് ട്വന്റി20 ആരോപിച്ചു. പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് ട്വന്റി20 അനുകൂല ഉത്തരവ് നേടി. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നു കോടതി നിര്‍ദേശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week