27.3 C
Kottayam
Tuesday, April 30, 2024

ഫണ്ട് കളക്ഷന്‍ അവസാനിപ്പിച്ചു; അബ്ദുല്‍ റഹീമിന് വേണ്ടി മലയാളികള്‍ ഒന്നിച്ചതോടെ ലക്ഷ്യം കണ്ടു

Must read

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് കൈത്താങ്ങായി മലയാളികൾ. അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം പൂർത്തിയായി. ദയാധനത്തിനായി വേണ്ടിയിരുന്ന 34 കോടി രൂപയും ലഭിച്ചതിനെ തുടർന്ന് സമാഹരണം അവസാനിപ്പിച്ചു. നിശ്ചയിച്ചതിലും രണ്ട് ദിവസം മുമ്പ് മുഴുവൻ തുകയും ലഭിച്ചു. ഇതോടെ അബ്ദുൾ റഹീമിൻ്റെ മോചനത്തിന് വഴിയൊരുങ്ങിയെന്നാണ് റിപ്പോർ‍ട്ട്.

ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുകയാണ്. 2006 ഡിസംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തന്റെ സ്പോണ്‍സറുടെ തലക്ക് താഴേയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്.

കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു 15കാരനായ ഫയാസിന് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്. ഒരു ദിവസം കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയും ഇതോടെ ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.

കൊലപാതക കുറ്റം ചുമത്തി അബ്ദുൾ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചതോടെ റഹീമിന്റെ മുന്നിൽ തൂക്കുമരമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയെത്തി. മരണപ്പെട്ട കുട്ടിയുടെ കുടുംബവുമായി ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമങ്ങൾ നടത്തിയെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവിൽ 34 കോടി രൂപ ദയാധനം നൽകണമെന്ന് ഫയാസിന്റെ കുടുംബം ഉപാധി വെയ്ക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുൾ റഹീമിന് മുന്നിൽ വീണ്ടും പ്രതീക്ഷയുടെ തിരിനാളം ഉയർന്നത്.

34 കോടി രൂപ സമാഹരിക്കാനായി മലയാളികൾ നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതായി മാറി. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ധനസമാഹരണത്തിനായി കൈകോർത്തു. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖർ പോലും ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾ വേഗത്തിലായി. അബ്ദുള്‍ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിര്‍ദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തിയത്. ഒടുവിൽ പറഞ്ഞതിലും രണ്ട് ദിവസം മുമ്പ് തന്നെ 34 കോടി രൂപ മലയാളികൾ അബ്ദുൾ റഹീമിന് വേണ്ടി സമാഹരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week