CrimeKeralaNews

‘മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആളാണ്’; കാസര്‍കോട് ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ

കാസര്‍കോട്: പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വര്‍ണ്ണാഭരണം കവര്‍ന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി.

പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാന്‍ വീടിന്‍റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്നു. അതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു.

പുലര്‍ച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ അറി‌ഞ്ഞില്ല. തൊഴുത്തില്‍ നിന്ന് മുറിയില്‍ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്.

കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി മനസിലായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി ബിജോയ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button