26.3 C
Kottayam
Saturday, April 20, 2024

ഇംഗ്ലണ്ടിനെ നാണംകെടുത്തി ബംഗ്ലാ കടുവകള്‍,ട്വന്റി 20 പരമ്പര തൂത്തുവാരി

Must read

ധാക്ക: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്നാമത്തെ മത്സരത്തില്‍ ബംഗ്ലാദേശ് 16 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. ആതിഥേയരായ ബംഗ്ലാദേശ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് ഒന്‍പതാം സ്ഥാനത്തുള്ള ബംഗ്ലാദേശ് നല്‍കിയത്. മത്സരത്തിലെ താരമായി ലിട്ടണ്‍ ദാസും പരമ്പരയുടെ താരമായി ബംഗ്ലാദേശിന്റെ തന്നെ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോയും തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലണ്ടിനെതിരേ ട്വന്റി 20യില്‍ പരമ്പര തൂത്തുവാരുന്ന രണ്ടാമത്തെ മാത്രം ടീമാണ് ബംഗ്ലാദേശ്. ഇതിനുമുന്‍പ് 2014-ല്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 3-0 ന് വൈറ്റ് വാഷ് ചെയ്തിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇംഗ്ലണ്ട് ആശ്വാസ വിജയം തേടിയാണ് മൂന്നാം ട്വന്റി 20യ്ക്ക് ഇറങ്ങിയത്. എന്നാല്‍ ഈ മത്സരത്തിലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

മൂന്നാം ട്വന്റി 20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടണ്‍ ദാസിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 10 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 73 റണ്‍സാണ് ലിട്ടണ്‍ അടിച്ചെടുത്തത്. 47 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോയും 24 റണ്‍സെടുത്ത റോണി താലൂക്ക്ദാറും ബംഗ്ലാദേശിനായി തിളങ്ങി. ഇംഗ്ലണ്ടിനുവേണ്ടി ആദില്‍ റഷീദും ക്രിസ് ജോര്‍ദാനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഡേവിഡ് മലാനും നായകന്‍ ജോസ് ബട്‌ലറും മാത്രമാണ് തിളങ്ങിയത്. 47 പന്തില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 53 റണ്‍സെടുത്ത മലാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ബട്‌ലര്‍ 40 റണ്‍സെടുത്തു. എന്നാല്‍ മധ്യനിര ബാറ്റര്‍മാര്‍ താളം കണ്ടെത്താതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഫില്‍ സാള്‍ട്ട് (0), ബെന്‍ ഡക്കറ്റ് (11), മോയിന്‍ അലി (9), സാം കറന്‍ (4), ക്രിസ് വോക്‌സ് (13) എന്നിവര്‍ നിരാശപ്പെടുത്തി.

ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് നാലോവറില്‍ വെറും 26 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്തു. തന്‍വീര്‍ ഇസ്ലാമും നായകന്‍ ഷാക്കിബ് അല്‍ ഹസ്സനും മുസ്തഫിസുര്‍ റഹ്‌മാനും ഓരോ വിക്കറ്റ് വീതം നേടി. മുസ്തഫിസുര്‍ നാലോവറില്‍ വെറും 14 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week